പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചു വര്‍ഷം കഠിന തടവ്

തിരുവനന്തപുരം- വീട്ടില്‍ അതിക്രമിച്ചു കയറി പത്ത് വയസുകാരിയായ  പെണ്‍കുട്ടിയെ  ലൈംഗിക പീഡനത്തിന് ഇരയാക്കിയ  സംഭവത്തില്‍  പ്രതിക്ക് പതിനഞ്ചു വര്‍ഷം കഠിനതടവും  അന്‍പത്തി അയ്യായിരം രൂപ  പിഴയും.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റത്തിന് വിചാരണ  നേരിട്ട മുട്ടപ്പലം ദേശത്തു കുക്കുടു ജയന്‍ എന്ന ബാബു (30) വയസ്സ് എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തിയ  പ്രകാരം ആറ്റിങ്ങല്‍ അതിവേഗകോടതി  (പോക്‌സോ) ജഡ്ജ് ടി.പി. പ്രഭാഷ് ലാല്‍ ശിക്ഷ വിധിച്ചത്.
2016 മെയ് പതിനാറിനാണ് കേസിനാസ്പദമായ സംഭവം. വോട്ടെടുപ്പ് ദിവസം  ഉച്ചകഴിഞ്ഞു  മാതാവ്  വോട്ടുചെയ്യാന്‍ പോയ സമയത്താണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ  പ്രതി കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കുവാന്‍ തുടങ്ങിയ സമയം പ്രതിയെ ചവിട്ടി മാറ്റിയശേഷം കുട്ടി ഓടി രക്ഷപെട്ടുവെന്നും, സംഭവശേഷം  പ്രതി പോകുന്നത്  അയല്‍ക്കാരി കണ്ടിരുന്നുവെന്നതുമാണ് പ്രോസിക്യൂഷന്‍ കേസ്.
വീട്ടില്‍ അതിക്രമിച്ചു കയറിയ  കുറ്റത്തിന് അഞ്ചു വര്‍ഷം കഠിനതടവും  അയ്യായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത  സാഹചര്യത്തില്‍  ആറ് മാസം കഠിനതടവും, കുറ്റകരമായ  ഭീഷണിപ്പെടുത്താല്‍ നടത്തിയതിന്  അഞ്ചു മാസം കഠിനതടവും, പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള  കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്ന കുറ്റത്തിനു പത്തുവര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴ  തുകയും ആണ് കോടതി  ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ ഇരുപത്തി അയ്യായിരം രൂപ അതിക്രമത്തിന്  ഇരയായ  കുട്ടിക്ക് നല്‍കണമെന്നും, തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി വീതം കഠിനതടവ് അനുഭവിക്കണമെന്നും വിധി  ഉത്തരവുണ്ട്.
അയിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ബി.എസ്. സജിമോന്‍ അന്വേഷണം  നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിലാണ് വിധി.

 

Latest News