കടബാധ്യത: മുന്‍ പ്രവാസിയായ കര്‍ഷകന്‍ ജീവനൊടുക്കി

കണ്ണൂര്‍- കടബാധ്യതയെത്തുടര്‍ന്ന് മുന്‍ പ്രവാസിയായ കര്‍ഷകന്‍ ജീവനൊടുക്കി. കൊട്ടിയൂര്‍ പന്നിയാംമല ഇ.എം.എസ് റോഡിലെ വാഴയില്‍ രാധാകൃഷ്ണനെ (61)യാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.  
വീടിനു സമീപത്തുള്ള മറ്റൊരാളുടെ തോട്ടത്തില്‍ റബര്‍ ടാപ്പിംഗ് കഴിഞ്ഞു മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 30 വര്‍ഷത്തോളം ദുബായില്‍ ജോലി ചെയ്തിരുന്ന രാധാകൃഷ്ണന്‍ 2017 ലാണ് ജോലി നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തിയത്. തുടര്‍ന്ന് മറ്റുപല ജോലികളും ചെയ്തു. ഇതിന് ശേഷമാണ് ലോണെടുത്ത് പശുക്കളെ വാങ്ങിയത്. നിലവില്‍ മൂന്നു പശുക്കളാണുള്ളത്. സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്ന് വിവിധ ബാങ്കുകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍നിന്നുമായി 25 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പശുക്കളെ വാങ്ങുന്നതിനായി കടം വാങ്ങിയതുള്‍ പ്പെടെയാണിത്. കൂടുതല്‍ പശുക്കളെ വാങ്ങി തൊഴുത്തു വിപുലീകരിക്കുന്നതിനായി നാട്ടില്‍ തിരിച്ചെത്തി സംരംഭം തുടങ്ങുന്ന പ്രവാസികള്‍ക്ക് പ്രവാസി ഭദ്രത പദ്ധതിവഴി നല്‍കുന്ന ലോണിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതോടെ രാധാകൃഷ്ണന്‍ മനോവിഷമത്തിലായിരുന്നുവെന്ന് പറയുന്നു. വിവിധ ബാങ്കുകള്‍ ലോണ്‍ തിരിച്ചടവിനായി വിളിക്കുന്നതിനു പുറമേ കടം നല്‍കിയ സ്വകാര്യവ്യക്തികളും തിരിച്ചുനല്‍കാനാവശ്യപ്പെട്ട് എത്തിയിരുന്നു. ഈ മനോവിഷമമാണ് ആത്മഹത്യക്കു കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാര്യ പത്മിനി. മകള്‍ സജന.

 

Latest News