മൂന്നാം ലോകയുദ്ധം ഉണ്ടായാല്‍ ആണവായുധങ്ങളും പ്രയോഗിക്കപ്പെടും, സര്‍വനാശമായിരിക്കുമെന്ന് റഷ്യ

മോസ്‌കോ- ഒരു മൂന്നാം ലോകയുദ്ധമുണ്ടായാല്‍ ആണവായുധങ്ങളും പ്രയോഗിക്കപ്പെടുമെന്നും അത് സര്‍വനാശമായിരിക്കുമെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ്. യുക്രൈന് ആണവായുധങ്ങള്‍ ലഭിച്ചാല്‍ റഷ്യയ്ക്ക് അത് ശരിക്കും അപകടമാണെന്നും അതിന് യുക്രൈനെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ചയായി യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ പ്രത്യേക സൈനിക നടപടി എന്നാണ് ലവ്‌റോവ് വിശേഷിപ്പിച്ചത്.

അതിനിടെ യുക്രൈനിലെ വലിയ നഗരങ്ങളിലൊന്നായ ഖെര്‍സന്‍ നിയന്ത്രണം റഷ്യ പിടിച്ചെടുത്തു. അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു യുക്രൈന്‍ നഗരം റഷ്യ പിടിച്ചെടുക്കുന്നത്. മറ്റു നഗരങ്ങളിലും ബോംബാക്രമണം റഷ്യ തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ യുക്രൈനില്‍ നിന്ന് അഞ്ചു ലക്ഷത്തിലേറെ പേര്‍ പാലായനം ചെയ്തതാണ് കണക്ക്.
 

Latest News