Sorry, you need to enable JavaScript to visit this website.

കൊലക്കേസ് പ്രതികൾക്ക് മാപ്പ്: സൗദിയിൽ പുതിയ നിയമത്തിന് അംഗീകാരം

റിയാദ് - പ്രതിക്രിയയുടെ പരിധിയിൽ വരുന്ന കൊലപാതക, ആക്രമണ കേസുകളിലെ പ്രതികൾക്ക് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട കൃത്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും അടങ്ങിയ കരടു നിയമം ശൂറാ കൗൺസിൽ അംഗീകരിച്ചു. നഷ്ടപരിഹാരം സ്വീകരിച്ചാണ് പ്രതിക്ക് മാപ്പ് നൽകുന്നതെങ്കിൽ ദിയാധനം 50 ലക്ഷം റിയാലിൽ കവിയാൻ പാടില്ല എന്ന് നിയമം പ്രത്യേകം അനുശാസിക്കുന്നു. ദിയാധനം കൊല്ലപ്പെട്ടയാളുടെ അനന്തര സ്വത്തായി കണക്കാക്കപ്പെടണമെന്നും അനന്തരാവകാശ നിയമം അനുസരിച്ച് അനന്തരാവകാശികൾക്കിടയിൽ വിതരണം ചെയ്യണമെന്നും നിയമം അനുശാസിക്കുന്നു.
മുമ്പും സമാന കുറ്റകൃത്യത്തിൽ പ്രതിയായവർക്ക് മാപ്പ് നൽകാൻ പാടില്ല. ഇവർക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവനമനുസരിച്ച് വധശിക്ഷയോ തടവു ശിക്ഷയോ നൽകണം. പ്രതിക്ക് മാപ്പ് നൽകാൻ സമ്മതിക്കുകയും ഇതിനുള്ള രേഖയിൽ ഒപ്പുവെക്കുകയും ചെയ്ത ശേഷം അധിക വ്യവസ്ഥകൾ ആവശ്യപ്പെടുന്നതും നിയമം വിലക്കുന്നു. ജീവനെടുക്കാത്ത നിലക്ക് പരിക്കുകളാണ് ആക്രമണത്തിൽ സംഭവിക്കുന്നതെങ്കിൽ അനുരഞ്ജനത്തിലൂടെ മാപ്പ് നൽകുന്നതിനു പകരം നൽകേണ്ട നഷ്ടപരിഹാര തുക പ്രത്യേക കമ്മിറ്റി യോഗം ചേർന്നാണ് നിശ്ചയിക്കുക. ഇത്തരം കേസുകളിലെ നഷ്ടപരിഹാരത്തുക കൊലക്കേസ് പ്രതിക്ക് മാപ്പ് നൽകാൻ നിർണയിച്ച പരമാവധി ദിയാധനമായ 50 ലക്ഷം റിയാലിൽ കവിയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
 

Latest News