തിരുവനന്തപുരം- പത്ത് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി യുവാവിനെ ഭാര്യ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലോട് കുറുപുഴ സ്വദേശി ഷിജു ആണ് മരിച്ചത്. ഭാര്യ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിലുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
കരിങ്കല്ലും ടൈലും കൊണ്ട് തലക്കടിച്ചാണ് സൗമ്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഷിജു തല്‍ക്ഷണം മരിച്ചു. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്തെ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം കാണാന്‍ ഇരുവരും മക്കളെയും കൂട്ടി പോയിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെയാണ് കൊല നടത്തിയത്. സൗമ്യ ക്ഷേത്രത്തില്‍ തിരിച്ചെത്തി ഭര്‍ത്താവിനെ കൊന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
37 കാരനായ ഷിജുവിന് മറ്റ് ബന്ധങ്ങളുള്ളതായി സൗമ്യ സംശയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഷിജു ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു. ഫോണ്‍ കാണിക്കാന്‍ സൗമ്യ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതേചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പിന്നില്‍ നിന്നെത്തി തലക്ക് അടിച്ചതെന്ന് പോലീസ് പറഞ്ഞു.






