Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റഷ്യന്‍ വ്യോമസേനക്ക് എന്തുപറ്റി, ഉക്രൈന് മുന്നില്‍ പതറിയ ആകാശപ്പോരാട്ടം

കീവ്- ഉക്രൈന്‍ അതിവേഗം പിടിച്ചടക്കാമെന്ന പുടിന്റെ മോഹം പൊളിഞ്ഞതെങ്ങനെ? വിദഗ്ധര്‍ ഇതിനു പറയുന്ന മറുപടി ഉക്രൈനിന്റെ വ്യോമമേഖല പിടിച്ചടക്കുന്നതില്‍ റഷ്യന്‍ സേനക്കുണ്ടായ പരാജയമാണ്. ഭൂമിയില്‍നിന്ന് അന്തരീക്ഷത്തിലേക്കു തൊടുക്കുന്ന മിസൈല്‍ സംവിധാനങ്ങള്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഇപ്പോഴും ഉക്രൈനു കഴിയുന്നുണ്ട്. റഷ്യക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ വ്യോമമേഖലയിലെ ഉക്രൈന്‍ സാന്നിധ്യം അനുവദിക്കുന്നില്ല.

ഇത്ര വലിയ സൈനിക ശേഷിയുണ്ടായിട്ടും ഉക്രൈന്‍ വ്യോമമേഖലാ സംവിധാനങ്ങളെ എന്തുകൊണ്ട് അതിവേഗം തകര്‍ക്കാന്‍ റഷ്യക്കു കഴിഞ്ഞില്ല എന്നത് വിദഗ്ധരെ അമ്പരപ്പിക്കുന്നുണ്ട്. നിരവധി റഷ്യന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന സെലെന്‍സ്‌കിയുടെ അവകാശവാദം ശരിയാണെങ്കില്‍ കനത്ത ആഘാതമാണ് അതിക്രമിച്ചു കയറിയവര്‍ക്ക് ഉണ്ടായിരിക്കുന്നത്.

സാധാരണ ജനങ്ങളെ ആക്രമിച്ചായാലും അണ്വായുധ ഭീഷണി മുഴക്കിയായാലും ഏതു വിധേനയും ഉക്രൈന്‍ ഒന്നു കീഴടങ്ങിയാല്‍ മതി എന്ന അവസ്ഥയിലാണ് പുടിന്‍. അതുകൊണ്ടു തന്നെ പുടിന്‍ കൂടുതല്‍ അപകടകാരിയാവാമെന്ന കണക്കുകൂട്ടലുകളുമുണ്ട്.
സാധാരണ അധിനിവേശ സേനകള്‍ ആദ്യം ചെയ്യുന്നത് ഏതു രാജ്യത്താണോ കടക്കുന്നത് അവിടുത്തെ വ്യോമമേഖല പിടിച്ചടുക്കുകയാണ്. മിസൈല്‍ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കണം. വ്യോമാക്രമണത്തിനായി അവരുടെ വിമാനങ്ങള്‍ പറന്നുയരാന്‍ കഴിയാതാക്കണം. അതു കഴിഞ്ഞുവേണം കരസേനക്കു സുഗമമായി നീങ്ങാന്‍. റഷ്യയും ആദ്യ ദിവസങ്ങളില്‍ തന്നെ ഉക്രൈന്റെ പ്രതിരോധ താവളങ്ങളും സംവിധാനങ്ങളും വ്യാപകമായി ആക്രമിച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ കീവ് പിടിക്കാനാവുമെന്നായിരുന്നു പുടിന്‍ കരുതിയത്. കിഴക്കും തെക്കുമുള്ള ഉക്രൈന്‍ സേന അതിവേഗം കീഴടങ്ങുമെന്നും അദ്ദേഹം കരുതി. എന്നാല്‍ ഉക്രൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഒരിടത്തല്ല. അതുകൊണ്ടുതന്നെ ഒറ്റയടിക്ക് എല്ലാം തകര്‍ക്കാനുമാവില്ല.

വ്യോമമേഖലയില്‍ പൂര്‍ണ ആധിപത്യം ലഭിക്കാത്തതില്‍ റഷ്യന്‍ കമാന്‍ഡര്‍മാര്‍ നിരാശരാണ്. യുദ്ധത്തിന്റെ മന്ദഗതിയും അവരെ നിരാശപ്പെടുത്തുന്നു. റഷ്യന്‍ വ്യോമസേനക്ക് ഉക്രൈന്‍ കനത്ത നാശങ്ങളുണ്ടാക്കിയിട്ടുണ്ടെന്നു തന്നെയാണ് വിദഗ്ധര്‍ കരുതുന്നത്. ഇതുവരെ ഒരു പ്രധാന ഉക്രൈന്‍ നഗരവും റഷ്യക്കു പിടിക്കാനായിട്ടില്ലെന്നും അവര്‍ പറയുന്നു.

 

Latest News