ഇടുക്കി- ആദിവാസികള്‍ക്ക് പട്ടയം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഇടുക്കി തഹസില്‍ദാരെ റവന്യു മന്ത്രി ഇടപെട്ട് സസ്‌പെന്റ് ചെയ്തതിനെച്ചൊല്ലി എല്‍.ഡി.എഫില്‍ വിവാദം. സി.പി.എം സംഘടനയായ കേരള കര്‍ഷക സംഘം സസ്‌പെന്‍ഷനെ എതിര്‍ക്കുകയാണ്. സി.പി.ഐയിലെ ഒരു വിഭാഗം പട്ടയത്തിന്റെ പേരില്‍ നടത്തുന്ന പണപ്പിരിവാണ് തഹസില്‍ദാര്‍ക്കെതിരായ നടപടിക്ക് പിന്നിലെന്നാണ് ആരോപണം. ഒരു ദിവസം രണ്ട് സസ്‌പെന്‍ഷന്‍ ഉത്തരവുകള്‍ പുറത്തിറക്കിയെന്ന വൈരുദ്ധ്യവും ഈ നടപടിയിലുണ്ട്. രണ്ടിലും ഒപ്പുവെച്ചിരിക്കുന്നത് ഡെപ്യൂട്ടി സെക്രട്ടറി ബിജു.ജെ ആണ്. ഇടുക്കി കത്തോലിക്കാ രൂപതയും ഹൈറേഞ്ച് സംരക്ഷണ സമിതിയും സസ്‌പെന്‍ഷനെ അപലപിച്ചു.
സി.പി.ഐ ലോക്കല്‍ സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും ഇടപെട്ട് നടത്തിയ നീക്കമാണ് സസ്പെന്‍ഷന് കാരണമായതെന്നാണ് ആക്ഷേപം. ഈ വിഷയത്തില്‍ തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറും വ്യക്തമാക്കുന്നു. ഈ സമയത്താണ് മന്ത്രിക്ക് നിരവധി പരാതി ലഭിച്ചതും ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തല അന്വേഷണം നടത്തി നടപടി എടുത്തതും.
കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്ഥിരതാമസക്കാരന്‍ കൂടിയായ തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫിന്റെ നേതൃത്വത്തില്‍ 6 മാസം കൊണ്ട് പട്ടയം ഓഫീസ് അല്ലാതിരുന്നിട്ട് കൂടി ഇവിടെ നിന്ന് 1200 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതിന്റെ പേരില്‍ ഇദ്ദേഹത്തെ മുന്‍ റവന്യൂ മന്ത്രി വേദിയില്‍ ആദരിച്ചിരുന്നു. ആദ്യം സി.പി.ഐ നേതാക്കളിടപെട്ട് പട്ടയം നല്‍കുന്നതിനായുള്ള നടപടികള്‍ ഏകോപിപ്പിച്ചിരുന്നു. എന്നാല്‍ പിന്നാലെ വ്യാപക പണപിരിവ് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ കലക്ടറുടെ നിര്‍ദേശ പ്രകാരം യോഗം ചേരുകയും സ്ഥലം അളക്കുന്നത് ഒരുമിച്ചാക്കുകയും ആയിരുന്നു. ആരും പട്ടയത്തിന് പണം നല്‍കരുതെന്ന നിര്‍ദേശവും നല്‍കി.
ഇതിനിടെ സി.പി.ഐ നേതാക്കളിടപ്പെട്ട് സ്വകാര്യ സര്‍വെയര്‍മാരെകൊണ്ട് അളപ്പിച്ച് പട്ടയംകൊടുക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഇതിന് തഹസില്‍ദാര്‍ വഴങ്ങിയില്ല. ആവശ്യമായ പരിശോധന നടത്തിയ ശേഷം നോക്കാമെന്ന് അറിയിക്കുകയായിരുന്നു. തഹസില്‍ദാരെ സ്ഥാനത്ത് നിന്ന് നീക്കാന്‍ നോക്കിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പ് ഭയന്ന് പിന്‍വാങ്ങി.
പിന്നീടാണ് നേതാക്കള്‍ നേരിട്ട് മന്ത്രിയുടെ അടുത്ത് പോയത്. പ്രത്യേക ഉത്തരവ് വാങ്ങി സെക്രട്ടറിയേറ്റില്‍ നിന്നുള്ള സംഘം എത്തിയാണ്് പരിശോധന നടത്തിയത്. മുന്‍ കലക്ടറുടെ കാലത്ത് സമാന പരാതിയെ തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടര്‍ അന്വേഷിച്ച് വസ്തുതയില്ലെന്ന് കണ്ടെത്തിയ കേസിലാണ് ഇപ്പോള്‍ നടപടി.






