കടത്തിൽ മുങ്ങിയ എയർ ഇന്ത്യയ്ക്കു യാത്രാ ഇനത്തിൽ കേന്ദ്ര സർക്കാർ നൽകാനുള്ളത് 325 കോടി

ന്യൂദൽഹി- മുച്ചൂടും കടത്തിൽ മുങ്ങി പറക്കുന്ന സർക്കാരിന്റെ സ്വന്തം വിമാന കമ്പനിയായ എയർ ഇന്ത്യക്ക് വി.വി.ഐ.പികളുടെ യാത്രാ ഇനത്തിൽ നരേന്ദ്ര മോഡി സർക്കാർ നൽകാനുള്ളത് 325 കോടി രൂപ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ ഉന്നതരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ബിൽ തുകയാണിത്. വിവരാവകാശ പ്രവർത്തകനും മുൻ നാവിക സേനാ ഓഫീസറുമായ ലോകേഷ് കെ. ബത്ര വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ കണക്കുകൾ ലഭിച്ചത്. സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ എയർ ഇന്ത്യക്കു നൽകാനുള്ള തുകയാണ് ലോകേഷ് അന്വേഷിച്ചത്.

2018 ജനുവരി 31 വരെയുള്ള കണക്കുകൾ പ്രകാരം 325.81 കോടി രൂപയാണ് വി.വി.ഐ.പികളുടെ വിദേശ യാത്രാ ഇനത്തിൽ എയർ ഇന്ത്യക്കു സർക്കാർ നൽകാനുള്ളതെന്ന് മാർച്ച് എട്ടിനു ലഭിച്ച മറുപടിയിൽ പറയുന്നു. വിദേശകാര്യമന്ത്രാലയത്തിന്റേതാണ് വലിയ കടം. 178.55 കോടി രൂപ വിദേശകാര്യമന്ത്രാലയം എയർ ഇന്ത്യക്കു നൽകാനുണ്ട്. ക്യാബിനറ്റ് സെക്രട്ടറിയേറ്റും പ്രധാനമന്ത്രിയുടെ ഓഫീസും 128.84 കോടി രൂപയും പ്രതിരോധ മന്ത്രാലയം 18.42 കോടി രൂപയും നൽകാനുണ്ട്. പൊതുഖജനാവിൽ നിന്നെടുത്താണ് ഈ ബില്ലുകൾ അടക്കേണ്ടത്. മുൻ വർഷത്തെ 451.71 കോടി രൂപ ബാക്കിയടക്കം ഈ വർഷത്തെ മൊത്തം ബില്ല് ആയിരം കോടി കടന്നതായും വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. ഈ വർഷം 678.91 കോടി രൂപയുടെ എയർ ഇന്ത്യയുടെ ബില്ല് സർക്കാർ അടച്ചു തീർത്തിട്ടുണ്ട്.
 

Latest News