വിദേശത്തേക്ക് മെഡിസിന്‍ പഠിക്കാന്‍ പോകുന്നവര്‍ 90 ശതമാനവും എന്‍ട്രന്‍സ് തോറ്റവരെന്ന് കേന്ദ്രമന്ത്രി

ന്യൂദല്‍ഹി- വിദേശത്തേക്ക് മെഡിസിന്‍ പഠിക്കാന്‍ പോകുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളില്‍ 90 ശതമാനവും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയില്‍ തോറ്റവരാണെന്ന കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ പ്രസ്താവന വിവാദമായി. എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നവെന്ന് ചര്‍ച്ച ചെയ്യാനുള്ള ശരിയായ സമയമല്ല ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടങ്ങിക്കിടക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും ചെയ്തിരുന്നു. റഷ്യന്‍ കടന്നുകയറ്റം തുടങ്ങിയതു മുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനിലെ തങ്ങളുടെ ദുരവസ്ഥ സംബന്ധിച്ച് നിരവധി വിഡിയോകള്‍ പുറത്തു വിടുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് മാധ്യമങ്ങളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. റഷ്യയുടെ ആക്രമണ ഭീതി നിലനില്‍ക്കുമ്പോഴും തങ്ങളെ ട്രെയ്‌നുകളിലും മറ്റും കയറാന്‍ അനുവദിക്കുന്നില്ലെന്നും കയ്യേറ്റം ചെയ്യപ്പെടുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നുണ്ട്. 

കൊടുംതണുപ്പിലൂടെ പലരും അതിര്‍ത്തിയിലേക്ക് കിലോമീറ്ററുകളോളം കാല്‍നട ആയാണ് എത്തിയിരിക്കുന്നത്. ഇവിടെ വെള്ളവും ഭക്ഷണവുമില്ലാതെ മണിക്കൂറുകളോളം കാത്തിക്കെട്ടുക്കിടക്കുയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
 

Latest News