Sorry, you need to enable JavaScript to visit this website.

ഏകാധിപത്യത്തെ പുണർന്ന് ചൈന;  ഷി ജിൻപിങ് ഇനി ആജീവനാന്ത പ്രസിഡന്റ്

ബീജിംഗ്- ചൈനയിൽ പ്രസിഡന്റ് പദവിയിൽ രണ്ടു തവണയായി പത്തു വർഷം മാത്രമേ ഒരാൾക്കു അധികാരത്തിലിരിക്കാവൂ എന്ന നിയമം ഭരണഘടനാ ഭേദഗതിയിലൂടെ ചൈനീസ് പാർലമെന്റ് നീക്കം ചെയ്തു. ഇതോടെ പ്രസിഡന്റ് ഷി ജിൻപിങിന് ആജീവനാന്ത കാലം പദവിയിൽ തുടരാൻ വഴിയൊരുങ്ങി. ഏതാണ്ട് പൂർണമായും ഏകാധിപത്യത്തിലേക്ക് നീങ്ങിയ ചൈനയെ സാമ്പത്തികമായും സൈനികമായും കരുത്തുറ്റ രാജ്യമാക്കാനുള്ള എല്ലാ അധികാരങ്ങളും ഇനി ജിൻപിങിന്റെ കൈകളിലാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാന പ്രകാരമാണ് പാർലമെന്റിന്റെ അംഗീകാരത്തിനായി നിയമ ഭേദഗതിക്കു വിട്ടത്. ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ച് 2958 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ രണ്ട് അംഗങ്ങൾ മാത്രമാണ് എതിർത്തത്. മൂന്ന് അംഗങ്ങൾ വിട്ടുനിന്നു. ഒരു വോട്ട് അസാധുവായി.
കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകൻ മാവോത്‌സേ തുംഗിന്റെ ഏകാധിപത്യം രാജ്യത്തെ അസ്ഥിരതയിലേക്കും കാലുഷ്യത്തിലേക്കും നയിച്ചതിനെ തുടർന്ന് മുൻ ചൈനീസ് നേതാവ് ദെങ് ഷിയാവോപിങ് ആണ് കൂട്ടായ ഭരണ നേതൃത്വം എന്ന ആശയത്തെ അടിസ്ഥാനമാക്കി ഭരണ നേതൃത്വത്തിന് കാലാവധി നിശ്ചയിച്ചത്. ഇതു പ്രകാരം ഒരാൾക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റ് പദവിയിൽ ഇരിക്കാനാകുമായിരുന്നുള്ളൂ.
പുതിയ ഭരണഘടനാ ഭേദഗതി അനുസരിച്ച് ജിൻപിങിന് കൂടുതൽ രാഷ്ട്രീയാധികാരങ്ങളും കൈവന്നു. രാജ്യത്തിന്റെ നേതൃത്വത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കും വലിയ പങ്കുണ്ടാകും. 64 കാരനായ ഷി ജിൻപിങ് 2012 ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുപ്പെട്ടതിനു ശേഷം തുടങ്ങിയ അധികാര കേന്ദ്രീകരണത്തിന്റെ പൂർത്തീകരണമായാണ് ചൈനയിലെ ഈ മാറ്റം വിലയിരുത്തപ്പെടുന്നത്. പൗരന്മാർക്കു മേൽ കൂടുതൽ നിയന്ത്രണങ്ങളും ആക്ടിവിസ്റ്റുകളെയും അഭിഭാഷകരെയും ജയിലിലടച്ചതും അടക്കം വലിയ നിയന്ത്രണങ്ങളാണ് ജിൻപിങിന്റെ ഇതുവരെയുള്ള ഭരണകാല അനുഭവം. എന്നാൽ അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ നീക്കങ്ങൾ ജനങ്ങൾക്കിടയിൽ പിന്തുണ നേടാൻ സഹായിച്ചു. പത്തു ലക്ഷത്തിലേറെ പാർട്ടി നേതാക്കളെയും മന്ത്രിമാരെയും അഴിമതിയുടെ പേരിൽ അദ്ദേഹം ഇതിനകം ശിക്ഷിച്ചിട്ടുണ്ട്.
പ്രസിഡന്റിന് ആജീവനാന്തം തുടരാനുള്ള അധികാരം നൽകാനുള്ള തീരുമാനം ജനങ്ങൾ ഐകകണ്‌ഠ്യേന ഉന്നയിച്ച ആവശ്യമാണെന്ന് പാർട്ടി അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം രഹസ്യമാക്കി വെച്ചതായിരുന്നു. ഫെബ്രുവരി 25 നാണ് ആദ്യമായി ഈ നിർദേശം സംബന്ധിച്ച വിവരം പുറത്തു വിടുന്നത്. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ഇത്. ഭരണഘടന തിരുത്തി പ്രസിഡന്റിന്റെ കാലാവധി എടുത്തു മാറ്റാനുള്ള തീരുമാനം ജിൻപിങിന്റെ അധ്യക്ഷതയിൽ സെപ്റ്റംബറിൽ ചേർന്ന പാർട്ടി പോളിറ്റ് ബ്യൂറോ യോഗമാണ് കൈക്കൊണ്ടതെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട്് ജനങ്ങളുടെ അഭിപ്രായവും നിർദേശങ്ങളും തേടിയ ശേഷം ഭരണഘടന ഭേദഗതി ചെയ്യാൻ ജനുവരിയിലാണ് തീരുമാനിച്ചത്. 

Latest News