Sorry, you need to enable JavaScript to visit this website.

ഹൂത്തികളെ ഭീകരരായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ

റിയാദ് - ഹൂത്തി മിലീഷ്യകളെ യു.എന്‍ രക്ഷാ സമിതി ഭീകര ഗ്രൂപ്പായി പ്രഖ്യാപിച്ചതിനെയും ആയുധ ഉപരോധം വിപുലമാക്കിയതിനെയും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. ഹൂത്തികളുടെയും അവരെ പിന്തുണക്കുന്നവരുടെയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും യെമന്‍ ജനതക്കും ആഗോള സമാധാനത്തിനും ഹൂത്തികള്‍ സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതാക്കാനും യു.എന്‍ തീരുമാനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍, മരുന്ന് വ്യവസായ കമ്മിറ്റിയെന്ന പേരില്‍ വ്യവസായ, ധാതുവിഭവ മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൗദിയില്‍ മരുന്ന് വ്യവസായം വ്യവസ്ഥാപിതമാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന്റെ ചുമതലയുള്ള ഏജന്‍സി ഈ കമ്മിറ്റിയാകും.
ഹൂത്തികളെ ഭീകരരായി പ്രഖ്യാപിച്ച യു.എന്‍ രക്ഷാ സമിതി തീരുമാനത്തെ ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫ് സ്വാഗതം ചെയ്തു. സൗദിയിലും യു.എ.ഇയിലും സാധാരണക്കാരെയും സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താനും യെമന്‍ ജനതയുടെ രക്തം ചിന്താനും ഹൂത്തികള്‍ക്ക് മിസൈലുകളും ഡ്രോണുകളും ആയുധങ്ങളും നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ഈ തീരുമാനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യെമനില്‍ നിയമാനുസൃത ഗവണ്‍മെന്റിനെ ഹൂത്തികള്‍ അട്ടിമറിച്ചതാണ് സംഘര്‍ഷത്തിന് കാരണം. യെമന്‍ സംഘര്‍ഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണുന്ന കാര്യത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന് ഉറച്ച നിലപാടാണുള്ളത്. യെമന്‍ സംഘര്‍ഷത്തിന് ആഗോള സമൂഹം നല്‍കുന്ന പ്രാധാന്യമാണ് രക്ഷാ സമിതി തീരുമാനം വ്യക്തമാക്കുന്നത്. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങളോട് ഹൂത്തികള്‍ അനുകൂലമായി പ്രതികരിക്കണം. യെമന്‍ കക്ഷികള്‍ തമ്മില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് യു.എന്‍ നടത്തുന്ന ശ്രമങ്ങളുമായി ഹൂത്തികള്‍ സഹകരിക്കണമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. ഹൂത്തികളെ ഭീകര സംഘടനയായി രക്ഷാ സമിതി പ്രഖ്യാപിച്ചതിനെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും സ്വാഗതം ചെയ്തു.

 

 

Latest News