ദമാം - സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെ മര്‍ദിച്ചയാളെ കിഴക്കന്‍ പ്രവിശ്യ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. പ്രതിക്ക് 15 ദിവസം തടവും 20 ചാട്ടയടിയുമാണ് കോടതി വിധിച്ചത്. വാക്കേറ്റത്തിനിടെ പ്രതി ശിരോവസ്ത്രത്തിനു മുകളില്‍ ധരിക്കുന്ന വട്ട് (ഇഗാല്‍) ഉപയോഗിച്ച് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
സംഭവത്തില്‍ പ്രതിക്കെതിരെ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിക്കുകയായിരുന്നു. സ്ഥാപനത്തില്‍നിന്ന് നല്‍കിയ സേവനത്തിന്റെ ഫീസ് ആയി ഈടാക്കിയ തുക തിരികെ ആവശ്യപ്പെട്ടാണ് ഉപയോക്താവ് സ്വകാര്യ കമ്പനി ജോലി സ്ഥലത്തെത്തിയതെന്ന് കോടതിയില്‍ നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സഭ്യതക്ക് നിരക്കാത്ത വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് പ്രതി കോടതിയില്‍ വാദിച്ചു.
ഉദ്യോഗസ്ഥനെ തെറിവിളിച്ചിട്ടില്ല എന്നതിന് സാക്ഷികളെയോ തെളിവോ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ഇതിന് തനിക്ക് സാധിക്കില്ലെന്ന് പ്രതി പറഞ്ഞു. എങ്കില്‍ ഇക്കാര്യത്തില്‍ കോടതിയില്‍ ആണയിടാന്‍ ജഡ്ജി ആവശ്യപ്പെട്ടെങ്കിലും ഇതിനും പ്രതി കൂട്ടാക്കിയില്ല. ദേഷ്യം പിടിച്ച സമയമായതിനാല്‍ എന്തൊക്കെയാണ് പറഞ്ഞതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെന്ന് വാദിച്ചാണ് സത്യം ചെയ്യാനുള്ള ആവശ്യം പ്രതി നിരാകരിച്ചത്. തുടര്‍ന്ന് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ക്രിമിനല്‍ കോടതി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. ഇത് പിന്നീട് അപ്പീല്‍ കോടതി ശരിവെക്കുകയും ചെയ്തു.






