Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഹൗസ് ഡ്രൈവർമാർഅടക്കം ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആഴ്ചയിൽ ഒരിക്കൽ അവധി ഉടൻ

റിയാദ് - പ്രതിവാരം ഒരു വിശ്രമദിവസവും സർവീസ് ആനുകൂല്യവും അടക്കം ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന പുതിയ നിയമാവലി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വൈകാതെ നടപ്പാക്കി തുടങ്ങും. നിയമാവലിക്ക് അന്തിമ രൂപംനൽകുന്ന ജോലികൾ മന്ത്രാലയം പൂർത്തിയാക്കിവരികയാണ്. വേലക്കാർ, ഇടയന്മാർ, കൃഷി തൊഴിലാളികൾ അടക്കം ഗാർഹിക തൊഴിലാളികളുടെ ഗണത്തിൽ പെടുന്ന തൊഴിലാളികൾക്ക് ഓരോ മാസത്തെയും വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി തൊഴിലുടമകൾ വിതരണം ചെയ്യണമെന്നതാണ് നിയമാവലിയിലെ പ്രധാന വ്യവസ്ഥകളിൽ ഒന്ന്. 21 ൽ കുറവ് പ്രായമുള്ള ഗാർഹിക തൊഴിലാളികളെ ജോലിക്കു വെക്കുന്നത് നിയമാവലി വിലക്കുന്നു. 
മറ്റുള്ളവർക്കു കീഴിൽ ജോലി ചെയ്യാനോ ഏതു ജോലിക്കു വേണ്ടിയാണോ റിക്രൂട്ട് ചെയ്തത് എങ്കിൽ അതിന് വിരുദ്ധമായ ജോലി നിർവഹിക്കാനോ ഗാർഹിക തൊഴിലാളിയെ ചുമതലപ്പെടുത്താൻ പാടില്ല. തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കുന്ന തൊഴിൽ കരാർ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നും തൊഴിൽ കരാർ വിവർത്തനം ചെയ്യണമെന്നും ഇതിന്റെ മൂന്നു കോപ്പികൾ എടുത്ത് തൊഴിലാളിയും തൊഴിലുടമയും ഓരോ കോപ്പികൾ കൈവശം വെക്കണമെന്നും ഒരു കോപ്പി തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്ന റിക്രൂട്ട്‌മെന്റ് ഓഫീസിൽ സൂക്ഷിക്കാൻ ഏൽപിക്കണമെന്നും വ്യവസ്ഥയുണ്ട്. 
സ്വന്തം നിലക്ക് ജോലി ചെയ്യാനോ മറ്റുള്ളവർക്കു കീഴിൽ ജോലി ചെയ്യാനോ തൊഴിലാളിയെ അനുവദിക്കരുത്. വേതനം ഓരോ മാസാവസാനവും അക്കൗണ്ടു വഴി കൃത്യമായി വിതരണം ചെയ്തിരിക്കണം. ഗാർഹിക തൊഴിലാളിക്ക് അനുയോജ്യമായ താമസസൗകര്യം ഏർപ്പെടുത്തി നൽകൽ നിർബന്ധമാണ്. വർണത്തിന്റെയോ ലിംഗത്തിന്റെയോ പ്രായത്തിന്റെയോ വംശത്തിന്റെയോ മറ്റോ അടിസ്ഥാനത്തിൽ തൊഴിലാളികൾക്കിടയിൽ ഒരുവിധ വിവേചനങ്ങളും തൊഴിലുടമകൾ കാണിക്കാൻ പാടില്ല. 
ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സാഹചര്യങ്ങളിൽ, മരണപ്പെടുന്ന പക്ഷം ഗാർഹിക തൊഴിലാളിയുടെ മയ്യിത്ത് സ്വദേശത്തേക്ക് അയക്കാനുള്ള ചെലവ് തൊഴിലുടമ വഹിക്കണം. ബന്ധുക്കളുമായും എംബസിയുമായും റിക്രൂട്ട്‌മെന്റ് ഓഫീസുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ബന്ധപ്പെടാൻ തൊഴിലാളിയെ അനുവദിക്കണമെന്നും വ്യവസ്ഥയുണ്ട്. 
പാസ്‌പോർട്ട്, തിരിച്ചറിയൽ രേഖകൾ, മറ്റു രേഖകൾ എന്നിവ തൊഴിലുടമ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് നിയമാവലി വിലക്കുന്നു. കടം വാങ്ങിയ പണം, കരുതിക്കൂട്ടിയോ അശ്രദ്ധയാലോ നശിപ്പിച്ച വസ്തുക്കളുടെ വില എന്നിവ തൊഴിലാളിയുടെ വേതനത്തിൽ നിന്ന് പിടിക്കാവുന്നതാണ്. എന്നാൽ വേതനത്തിന്റെ പകുതിയിൽ കൂടുതൽ ഇങ്ങിനെ പിടിക്കാൻ പാടില്ല. 
തൊഴിൽ കരാർ കാലാവധി അവസാനിച്ച ശേഷം കരാർ പുതുക്കാൻ തൊഴിലാളി ആഗ്രഹിക്കാത്ത പക്ഷം ഫൈനൽ എക്‌സിറ്റിൽ സ്വദേശത്തേക്ക് അയക്കണം. ആരോഗ്യത്തിന് ഭീഷണിയായതും മാനത്തിന് ക്ഷതമേൽപിക്കുന്നതുമായ ഒരു ജോലിയും നിർവഹിക്കാൻ തൊഴിലാളിയെ ചുമതലപ്പെടുത്തരുത്. പ്രതിവാരം ഒരു വിശ്രമദിവസം ലഭിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്. രണ്ടു വർഷം പൂർത്തിയായ ശേഷം ഒരു മാസം വേതനത്തോടു കൂടിയുള്ള അവധിക്കും മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വർഷത്തിൽ മുപ്പതു ദിവസത്തിൽ കവിയാത്ത കാലം വേതനത്തോടു കൂടിയ രോഗാവധിക്കും ഗാർഹിക തൊഴിലാളിക്ക് അവകാശമുണ്ട്. തുടർച്ചയായി നാലു വർഷം ജോലിയിൽ തുടരുന്ന ഗാർഹിക തൊഴിലാളിക്ക് ഒരു മാസത്തെ വേതനത്തിന് തുല്യമായ സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർവീസ് കാലത്തിന് ആനുപാതികമായി സർവീസ് ആനുകൂല്യം ലഭിക്കാനും തൊഴിലാളിക്ക് അവകാശമുള്ളതായി നിയമവലി വ്യക്തമാക്കുന്നു. 

Latest News