Sorry, you need to enable JavaScript to visit this website.

മീറത്തില്‍ ജനിച്ചു, പാക്കിസ്ഥാനില്‍ കുടുങ്ങി; ഇന്ത്യന്‍ പൗരത്വം തിരിച്ചുകിട്ടാന്‍ കോടതിയുടെ കനിവ് കാത്ത് ഖമര്‍

ന്യൂദല്‍ഹി- യാദൃശ്ചികമായി നഷ്ടപ്പെട്ട ഇന്ത്യന്‍ പൗരത്വം തിരിച്ചു കിട്ടാന്‍ കോടതിയുടെ കനിവ് കാത്ത് ദല്‍ഹിയില്‍ തടങ്കലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ പൗരന്‍ മുഹമ്മദ് ഖമറിന്റെ ജീവിതം ബോളിവുഡ് സിനിമാ കഥകളെ വെല്ലുന്ന കഥയാണ്. ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകനായി 1959ല്‍ യുപിയിലെ മീറത്തിലാണ് ഖമര്‍ ജനിച്ചത്. എട്ടാം വയസ്സില്‍ ഉമ്മയോടൊപ്പം ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ലാഹോറിലേക്കു പോയതോടെയാണ് ഖമറിന്റെ ജീവിതം മാറിമറിഞ്ഞത്. ലാഹോറില്‍ വച്ച് ഉമ്മ പൊടുന്നനെ മരിച്ചതോടെ ബാലനായ ഖമറിന് അവിടെ ബന്ധുക്കളുടെ സംരക്ഷണത്തില്‍ കഴിയേണ്ടി വന്നു. പിന്നീട് 1989-90 കാലത്താണ് പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടുമായി ഖമര്‍ മീറത്തില്‍ തിരിച്ചെത്തിയത്. പിന്നീട് മീറത്തില്‍ നിന്ന് തന്നെ വിവാഹം കഴിച്ചു. അഞ്ചു മക്കളുമുണ്ടായി. എന്നാല്‍ ഇതിനിടെ തന്റെ വീസ പുതുക്കാന്‍ ഖമര്‍ വിട്ടു പോയി. കാര്യമായ വിദ്യാഭ്യാസമില്ലാത്തതാണ് വിനയായത്. ഇന്ത്യയില്‍ അനധികൃതമായി തങ്ങിയ കുറ്റത്തിന് 2011ല്‍ അറസ്റ്റിലായി. മൂന്ന് വര്‍ഷവും ആറു മാസവും തടവുശിക്ഷയും ലഭിച്ചു. ഈ ശിക്ഷ അനുഭവിച്ച് തീര്‍ത്തിട്ട് ഏഴു വര്‍ഷം പിന്നിട്ടെങ്കിലും ഖമര്‍ ഇപ്പോഴും ദല്‍ഹിയിലെ തടങ്കല്‍ കേന്ദ്രത്തിലാണ്. ഖമറിനെ തിരിച്ചെടുക്കില്ലെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. 

ഏഴു വര്‍ഷം മുമ്പ് ശിക്ഷ പൂര്‍ത്തിയാക്കിയ ഖമറിനെ ഇനിയും എത്രകാലം തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കുമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജനോട് സുപ്രീം കോടതി ചോദിച്ചു. ഏഴു വര്‍ഷം മുമ്പ് ഖമര്‍ ശിക്ഷ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മക്കള്‍ ജനിച്ചത് ഇന്ത്യയിലാണ്. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ സ്വീകരിക്കുന്നില്ല. ഇന്ത്യന്‍ പൗരത്വം തിരിച്ചു നേടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കന്‍ ജാമ്യത്തില്‍ വിടണമെന്ന് ഖമര്‍ ആവശ്യപ്പെടുന്നു. എന്താണ് കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് എഎസ്ജിയോട് ചോദിച്ചു. ഫോറിനേഴ്‌സ് നിയമ പ്രകാരം ഖമറിന്റെ തടങ്കല്‍ നിയമപരമാണെന്നും എന്നാല്‍ ഖമറിന്റെ കാര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ നിലപാട് ചോദിച്ചറിയേണ്ടതുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

Latest News