ഹൈദരാബാദ്- പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോലീസ് കേസെടുത്ത തെലങ്കാന രാഷ്ട്രിയ സമിതി (ടി.ആര്‍.എസ്) നേതാവ് സാജിദ് ഖാനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു ദിവസത്തിനുശേഷമാണ് പാര്‍ട്ടിയുടെ നടപടി. ഒളിവില്‍ പോയിരിക്കുന്ന സാജിദ് ഖാനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
നിര്‍മല്‍ മുനസിപ്പാലിറ്റി വൈസ് ചെയര്‍മാനാണ് ഖാന്‍.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ വഴിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഏതാനും ദിവസം മുമ്പ് നിര്‍മല്‍ ടൗണില്‍ നടന്ന പരിപാടിയിലാണ് പെണ്‍കുട്ടിയെ സാജിദ് ഖാന്‍ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് വീട് വാകടക്ക് നല്‍കിയിരുന്ന സ്ത്രീയുമായി ബന്ധപ്പെട്ടാണ് കുട്ടിയെ ഹൈദരാബാദില്‍ എത്തിച്ചത്. കുടുംബ പരിപാടിയില്‍ പങ്കെടുക്കാനെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ 200 കി.മീ കാറില്‍ സഞ്ചരിച്ച് ഹൈദരാബാദില്‍ എത്തിച്ചത്. ഹോട്ടലിലെത്തിച്ച പെണ്‍കുട്ടിയെ ഖാന്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ തിരിച്ച് വീട്ടിലെത്തിച്ചത്. ഖാനെ സഹായിച്ച സ്ത്രീക്കും കാര്‍ ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍മല്‍ ടൗണില്‍ വനിതാ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം തുടരുകയാണ്.






