സൗദി-യു.എ.ഇ ചര്‍ച്ച അബുദാബിയില്‍

റിയാദ് - യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ സൗദി, യു.എ.ഇ ചര്‍ച്ച. സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനുമാണ് കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയത്. സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണവും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തതായി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
യു.എ.ഇ ഭരണാധികാരികളുമായും ജനതയുമായും സൗദി അറേബ്യക്ക് ഉറച്ചതും ചരിത്രപരവുമായ ബന്ധങ്ങളാണുള്ളത്. സാഹോദര്യബന്ധത്തിന്റെ പൂര്‍ണ അര്‍ഥങ്ങള്‍ അടങ്ങിയ ബന്ധമാണ് സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ളത്. യു.എ.ഇയുടെ സുരക്ഷ സൗദി അറേബ്യയുടെ സുരക്ഷയും യു.എ.ഇയുടെ ശത്രു സൗദി അറേബ്യയുടെ ശത്രുവും യു.എ.ഇയുടെ അഭിമാനം സൗദി അറേബ്യയുടെ അഭിമാനവുമാണെന്ന് ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ട്വീറ്റ് ചെയ്തു.

 

 

Latest News