തിരുവനന്തപുരം- കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നെങ്കിലും രാത്രികാല ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റും റിസര്‍വേഷനില്ലാത്ത കോച്ചുകളും പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. അവസാന നിമിഷത്തില്‍ ഓടിയെത്തുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ട അവസ്ഥയാണ്. രോഗികള്‍ക്കുള്‍പ്പെടെ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
രാത്രി തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന അമൃത, മംഗലാപുരം എക്‌സ്പ്രസുകള്‍, കൊച്ചുവേളിയില്‍ നിന്നുള്ള നിലമ്പൂര്‍ എക്‌സ്പ്രസ് എന്നിവയില്‍ അടക്കം ജനറല്‍ ടിക്കറ്റോ അണ്‍ റിസര്‍വ്ഡ് കോച്ചുകളോ ഇല്ല. മലബാര്‍ മേഖലയില്‍ നിന്നടക്കം ആര്‍.സി.സിയിലും ശ്രീചിത്രയിലുമൊക്കെ ചികിത്സക്കായി വന്ന് മടങ്ങുന്നവര്‍ കൂടുതലും ആശ്രയിക്കുന്ന ട്രെയിനുകളാണിവ. കടകളിലും സ്വകാര്യ സ്ഥാപനങ്ങളിലും അടക്കം ജോലി നോക്കുന്ന നൂറുകണക്കിനു യാത്രക്കാര്‍ക്ക് രാത്രിയില്‍ സീസണ്‍ ടിക്കറ്റ് ഉപയോഗിക്കാനും കഴിയുന്നില്ല. പകല്‍ പ്രധാനപ്പെട്ട ട്രെയിനുകളിലെല്ലാം സീസണ്‍ ടിക്കറ്റ് യാത്ര പുനഃസ്ഥാപിച്ചിട്ടും രാത്രി ട്രെയിനുകളില്‍ ഇത് ഇല്ലാത്തതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ മലബാര്‍ മേഖലയിലേക്ക് അടക്കം രാത്രികാല ട്രെയിനുകളില്‍ കൂടുതല്‍ യാത്രാസൗകര്യം ഒരുക്കാനുള്ള ഒരു നിര്‍ദ്ദേശവും ആരില്‍നിന്നും ഉയര്‍ന്നില്ല. ട്രെയിനുകളിലെ കോവിഡ് ഇളവുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നു നേരത്തെ റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം.






