സമാധാന നീക്കം സജീവമാക്കി യു.എന്‍, റഷ്യ-ഉക്രൈന്‍ ചര്‍ച്ചയും ഇന്ന് നടന്നേക്കും

വാഷിംഗ്ടണ്‍- ഉക്രൈനില്‍ റഷ്യന്‍ സേന ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ സമാധാന നീക്കങ്ങള്‍ സജീവമായി. യു.എന്‍ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. ബെലറുസ് അതിര്‍ത്തിയില്‍ റഷ്യ-ഉക്രൈന്‍ പ്രതിനിധികളുടെ സമാധാന ചര്‍ച്ചയും ഇന്നു നടക്കും.

റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യു.എന്‍ യോഗം ചര്‍ച്ച ചെയ്യും. ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് 193 അംഗരാജ്യങ്ങളുമായി വിശദമായ ചര്‍ച്ച നടത്തി സുപ്രധാന നടപടി കൈക്കൊള്ളാനാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കം.

യു.എന്‍ പൊതുസഭയുടെ ചരിത്രത്തിലെ 11-ാമത് അടിയന്തര യോഗമാണ് ഇന്നു നടക്കുന്നത്. റഷ്യ-ഉക്രൈന്‍ വിഷയം യു.എന്‍ പൊതുസഭയില്‍ ചര്‍ച്ചക്ക് കൊണ്ടുവരണമോ എന്ന് തീരുമാനിക്കാന്‍ യു.എന്‍ രക്ഷാ സമിതി കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ഇന്ത്യയും ചൈനയും യു.എ.ഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. റഷ്യ എതിര്‍ത്ത് വോട്ട് ചെയ്തു.

ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറസിലെത്തിയിട്ടുണ്ട്.   സമാധാന ശ്രമങ്ങള്‍ക്കിടയിലും ഉക്രൈന്റെ പലഭാഗങ്ങളിലും റഷ്യന്‍ സേനയുടെ അക്രമണം ശക്തമാണ്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും പറഞ്ഞു.

 

Latest News