ഇന്ത്യയില്‍ കോവിഡിന്റെ നാലാം തരംഗം  ജൂണ്‍ 27 ന് ആരംഭിക്കും 

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡിന്റെ നാലാം തരംഗം ജൂണ്‍ 27 ന് ആരംഭിക്കുമെന്ന് പഠനം. ഈ ഘട്ടത്തിന്റെ തീവ്രത ഓഗസ്റ്റ് 23 നായിരിക്കും. ഒക്ടോബര്‍ 23 വരെ രാജ്യത്ത് നാലാം തരംഗം നീണ്ടു നില്‍ക്കുമെന്ന് കാണ്‍പുര്‍ ഐ.ഐ.ടി ഗണിത ശാസ്ത്ര വിഭാഗം ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് വകഭേദത്തിന്റെ തീവ്രത, രാജ്യത്തെ വാക്‌സിനേഷന്‍ നിരക്കിലെ പുരോഗതി എന്നീ ഘടകങ്ങളെ കൂടി ആശ്രയിച്ചായിരിക്കും രോഗവ്യാപനമെന്ന് പഠനം നടത്തിയവര്‍ പറഞ്ഞു. അതേസമയം ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു വരികയാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,273 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 243 പേര്‍ മരിച്ചു. തുടര്‍ച്ചയായി ഒരു ലക്ഷത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇരുപതാമത് ദിവസമാണ് പിന്നിട്ടത്.  രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 1,77,17,68,379 കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


 

Latest News