കൊണ്ടോട്ടി- ഉക്രൈനില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത് 13 വിദ്യാര്‍ത്ഥികള്‍. ഉച്ചക്ക് 1.30ന് മുംബൈയില്‍ നിന്നെത്തിയ വിമാനത്തില്‍ നാല് മലപ്പുറം സ്വദേശികളാണ് കരിപ്പൂരിലെത്തിയത്. രാത്രി 7.45നുള്ള വിമാനത്തില്‍ മലപ്പുറം നാല്, കോഴിക്കോട് മൂന്ന്, കണ്ണൂര്‍, പാലക്കാട് ജില്ലക്കാരായ ഓരോരുത്തരുമാണ് മടങ്ങിയെത്തിയത്.
ഉക്രൈനിലെ സുസെവ അതിര്‍ത്തി വഴി റുമേനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റ് വഴിയാണ് ഇവര്‍ തിരിച്ചെത്തിയത്. മലപ്പുറം സ്വദേശികളായ ഷഹാന, ഫിസ നസ്‌റീന്‍, ബാസില്‍ അഹമ്മദ്, മുഹമ്മദ് അല്‍ത്താഫ്, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മിദ്‌ലാജ്, മുഹമ്മദ് ഷാദില്‍, അമര്‍ ശങ്കര്‍ പാതേരി, പാലക്കാട് സ്വദേശി സാന്ദ്ര തെക്കേപ്പാട്ട്, കണ്ണൂര്‍ സ്വദേശി കെ.പി. മുഹമ്മദ് ഹാദി എന്നിവരാണ് രാത്രിയുള്ള വിമാനത്തിലുണ്ടായിരുന്നത്.
വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ കുടംബങ്ങളൊന്നാകെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാഴ്ചയായിരുന്നു. മക്കളെ കണ്ടതോടെ കെട്ടിപ്പിടിച്ച് രക്ഷിതാക്കളില്‍ പലരും പൊട്ടിക്കരഞ്ഞു. വിമാനത്താവളത്തിലെ കേന്ദ്രസുരക്ഷ സേന, പോലിസ്,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇവരെ കുടുംബത്തോടൊപ്പം യാത്രയാക്കാന്‍ വഴിയൊരുക്കി.യുക്രൈനില്‍ നിരവധി വിദ്യാര്‍ഥികള്‍ മടങ്ങാനായി എംബസിയെ സമീപിച്ചതായി മടങ്ങി എത്തിയവര്‍ പറഞ്ഞു.വരും ദിവസങ്ങളിലും കരിപ്പൂരില്‍ കൂടുതല്‍ വിദ്യാര്‍ഥികളെത്തും. ദല്‍ഹി, മുംബൈ വഴിയാണ് വിമാനങ്ങളെത്തുന്നത്.വിദ്യാര്‍ഥികളുടെ യാത്ര ചെലവ് നോര്‍ക്ക വഹിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.






