ക്വാലാലംപുര്‍- പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയവര്‍ക്ക് താനും സഹോദരി പ്രിയങ്കയും മാപ്പു നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്തിന്റെ പേരിലായാലും ആക്രമണങ്ങള്‍ മാപ്പര്‍ഹിക്കാത്തതാണെന്നും അദ്ദേഹം സിങ്കപ്പൂരില്‍ ഐഐഎം പൂര്‍വ വിദ്യാര്‍ഥികളുമായി സംവദിക്കവെ അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ വളരെ അസ്വസ്ഥരായിരുന്നു. വലിയ വേദനക്ക് കാരണമാകുകയും ചെയ്തു. വര്‍ഷങ്ങളോളം രോഷം നിലനിന്നെങ്കിലും എങ്ങനെയൊക്കെയെ അതു തണുത്തു. ഇപ്പോള്‍ പൂര്‍ണമായും പൊറുത്തു കഴിഞ്ഞു- രാഹുല്‍ പറഞ്ഞു.
1991 മേയ് 21-നാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പു റാലിക്കിടെ ശ്രീലങ്കന്‍ തമിഴ് ഭീകര സംഘടനയായ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
രാഷ്ട്രീയത്തില്‍ നിലനിന്നു കൊണ്ടു മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനാല്‍ അച്ഛനും മുത്തശ്ശി മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും കൊല്ലപ്പെടാന്‍ പോകുകയാണെന്ന് കുടുംബത്തിന് അറിയാമായിരുന്നെന്നും രാഹുല്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ദുഷ്ടശക്തികളോട് എതിരിടുകയോ ഒരു നിലപാടില്‍ ഉറച്ചു നില്‍ക്കുകയോ ചെയ്താല്‍ കൊല്ലപ്പെട്ടേക്കാം എന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വളര്‍ന്നത് സവിശേഷാനുകൂല്യങ്ങളുടെ തണലിലാണെന്ന ധാരണ തിരുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എന്റെ മുത്തശ്ശി കൊല്ലപ്പെടുമ്പോള്‍ എനിക്ക് 14 വയസ്സായിരുന്നു. പിന്നീട് എന്റെ അച്ഛനും കൊല്ലപ്പെട്ടു. പിന്നീട് ജീവിതം പ്രത്യേക അന്തരീക്ഷത്തിലായിരുന്നു. എപ്പോഴും 15 പേര്‍, രാവും പകലും കൂടെയുണ്ടാകും. ഇതൊരു സവിശേഷ പരിഗണനയാണെന്ന് ഞാന്‍ കരുതുന്നില്ല- അദ്ദേഹം പറഞ്ഞു.