Sorry, you need to enable JavaScript to visit this website.

ഉക്രൈനിൽ പൊടിനിറഞ്ഞ് ബങ്കറുകൾ; രക്ഷതേടി വിദ്യാർഥികൾ

ആശങ്കയോടെ രക്ഷിതാക്കൾ

കോട്ടയം- യുദ്ധം രൂക്ഷമായതോടെ ഉക്രൈനിലെ വിദ്യാർഥികൾ ദുരിതത്തിലായി. മലയാളി വിദ്യാർഥികൾ ഏറെയുള്ള കർകീവ് ഭീതിയിലാണ്്. മിസൈൽ ആക്രമണത്തിൽ പല ബങ്കറുകളിലും പൊടിനിറഞ്ഞു. സൈന്യം ലോക്കേഷൻ തിരിച്ചറിഞ്ഞ് ആക്രമിക്കാതിരിക്കാനായി ഇന്റർനെറ്റും ഓഫ് ചെയ്യാൻ നിർദേശം ലഭിച്ചതോടെ പലപ്പോഴും ആശയവിനിമയവും നിലച്ചു. ഭക്ഷണവും വെള്ളവുമില്ല. നാട്ടിലെ ജനപ്രതിനിധികളുടെ നമ്പരുകൾ തേടിയെടുത്ത് നേരിട്ടു വിളിക്കുകയാണ് വിദ്യാർഥികൾ. തങ്ങളെ രക്ഷിക്കണമെന്ന അഭ്യർഥനയോടെ. രക്ഷപ്പെടാൻ വഴിതേടി മാധ്യമപ്രവർത്തകരെയും പലരും സമീപിച്ചു. ജില്ലയിലുള്ള ആറു കുട്ടികളുടെ വീട്ടുകാരുമായും കേന്ദ്രമന്ത്രി വി. മുരളീധരൻ ഓൺലൈനിലൂടെ സംസാരിച്ചു. 
റഷ്യയുടെ മിസൈലാക്രമണം ഭയന്ന് ഇന്റർനെറ്റും ലൊക്കേഷനും ഓഫാക്കിയത് കർകീവ് മേഖലയിലാണ്. ഉക്രൈനിൽ ഇൻറർനെറ്റ് ഉപയോഗം കൂടുതലുള്ള പ്രദേശങ്ങൾ ലക്ഷ്യമാക്കി റഷ്യ മിസൈലാക്രമണം നടത്തുന്നതിനെ തുടർന്നാണ് അധികൃതരുടെ നിർദേശ പ്രകാരം ശനിയാഴ്ച രാത്രി മുതൽ വിദ്യാർഥികൾ ഇന്റർനെറ്റ് ഓഫാക്കിയത്. ജിയോലൊക്കേഷൻ ഉപയോഗിച്ച് ഇവരുടെ ലൊക്കേഷൻ കണ്ടെത്തുന്നുണ്ട്്. നിലക്കാത്ത സ്‌ഫോടനങ്ങൾക്ക് നടുവിൽ ഭീതിയോടെ ബങ്കറിൽ കഴിയുകയാണ് ഇപ്പോഴും വിദ്യാർഥികൾ. കർകീവ് ദേശീയ മെഡിക്കൽ സർവകലാശാലയിലെ വിദ്യാർഥികൾ ഹോസ്റ്റലിലെ ബങ്കറിലാണ് കഴിയുന്നത്. ബങ്കറിൽ പൊടി നിറഞ്ഞ് വായു മലിനമായി. ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ തീർന്നു. ഹോസ്റ്റൽ മെസ് ജീവനക്കാർ എത്തി രാവിലെയും രാത്രിയും മാത്രം ഭക്ഷണം തയാറാക്കി നൽകുന്നുണ്ട്. തീരെ കുറഞ്ഞ അളവിലാണ് ഭക്ഷണം. പുറത്തിറങ്ങരുതെന്നും എവിടെയാണോ കഴിയുന്നത് അവിടെത്തന്നെ സുരക്ഷിതമായി തുടരാനാണ് തങ്ങൾക്ക് ഏജന്റുമാർ നിർദേശം നൽകിയിരിക്കുന്നതെന്നും വിദ്യാർഥികൾ വീട്ടുകാരോട് പറഞ്ഞു. 
ഭക്ഷണം തീർന്നതായി ചങ്ങനാശ്ശേരി സ്വദേശിനി അക്ഷയ പറഞ്ഞു. ബൺ, ബിസ്‌ക്കറ്റ് തുടങ്ങിയവയാണ് കയ്യിലുണ്ടായിരുന്നത്. പുറത്തിറങ്ങി വാങ്ങാനും കഴിയുന്നില്ല. അടുത്തെങ്ങും കടകൾ തുറന്നിട്ടില്ല. ദൂരേക്ക് അന്വേഷിച്ചുപോകാൻ കഴിയില്ല. പുറത്തിറങ്ങരുതെന്നാണ് കിട്ടിയ നിർദേശം. പുറത്ത് വെടി ശബ്ദം കേൾക്കുന്നുണ്ട്. തങ്ങളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് അക്ഷയ അപേക്ഷിക്കുന്നു. കർകീവിൽ കൊല്ലത്തുനിന്നുള്ള അഞ്ജലി, എറണാകുളത്തുനിന്നുള്ള ദീപ്തി, ഡൽഹിയിൽനിന്നുള്ള ഗ്രീഷ്മ എന്നിവർക്കൊപ്പം ഫ്‌ളാറ്റിലാണ് അക്ഷയയുടെ താമസം.രാത്രി മെട്രോ സ്‌റ്റേഷനിൽ പോകും. മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെട്ട നിലയിലാണ് ഇവർ. റഷ്യൻ അതിർത്തിയോടു ചേർന്ന പ്രദേശമായാതിനാൽ റഷ്യ വഴിയേ ഇവരെ പുറത്തെത്തിക്കാൻ കഴിയൂ. റഷ്യൻ അതിർത്തി പൂർണമായും അടഞ്ഞു കിടക്കുകയാണ്. ഉക്രൈനു പുറത്തുകടക്കണമെങ്കിൽ മണിക്കൂറുകളോളം യാത്ര ചെയ്യണം. അത് അപകടവുമാണ്.
അതിനിടെ ഉക്രൈനിൽ കുടുങ്ങിയ കോട്ടയം ജില്ലക്കാരായ എല്ലാ വിദ്യാർഥികളേയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഉക്രൈനിലെ എം.ബി.ബി.എസ് മൂന്നാംവർഷ വിദ്യാർഥി കളത്തിപ്പടി ഗൗതമിന്റെ വീടു സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരോടും നോർക്കയിൽ രജിസ്റ്റർചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ചെലവിൽ ഇവരെ നാട്ടിലെത്തിക്കും. ഗൗതമിനെ കൂടാതെ ജില്ലയിൽനിന്ന് ഉക്രൈനിൽ കുടുങ്ങിയ അഷിത, അഞ്ജലി, ദേവിക, ശ്രീലക്ഷ്മി തുടങ്ങി ആറുപേരുടെ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവരുടെ വീടുകൾ സന്ദർശിച്ച് രക്ഷിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ഇവരുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. റഷ്യൻ അതിർത്തിയിലാണ് കൂടുതൽ കൂട്ടികളുള്ളത്. അവിടെ പ്രശ്‌നങ്ങൾ സങ്കീർണമാണെന്നാണ് കുട്ടികൾ നൽകുന്ന വിവരമെന്നും മന്ത്രി പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാൽ വീടുകളിലെത്തി രക്ഷിതാക്കളെയും കുട്ടികളെയും കണ്ടു സംസാരിക്കുകയും കേന്ദ്രവിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിപ്പിക്കുകയും ചെയ്തു.

Latest News