ന്യൂദല്‍ഹി- ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മോള്‍ഡോവ വഴി തിരിച്ചെത്തിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനു വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ മോള്‍ഡോവന്‍ വിദേശകാര്യമന്ത്രി നിക്കു പോപ്പസ്‌കുമായി സംസാരിച്ചു.
രക്ഷാദൗത്യത്തിനായി അതിര്‍ത്തി ഇന്ത്യക്കാര്‍ക്കായി തുറന്ന് നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തി തുറന്നുനല്‍കിയാല്‍ ഒഡേസയിലുള്ളവര്‍ക്കും മോള്‍ഡോവ വഴി തിരികെ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ നാളെ മോള്‍ഡോവയിലെത്തുമെന്നാണ് വിവരം. ഉക്രെയിനില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം ഉക്രൈനിലെ ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് അതിര്‍ത്തി കടക്കുന്നതിന് വ്യവസ്ഥകള്‍ ഉദാരമാക്കി പോളണ്ട് സര്‍ക്കാരും രംഗത്തെത്തി. നേരത്തെ പോളണ്ട്, റുമാനിയ, ഹംഗറി എന്നി രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രം ശ്രമിച്ചിരുന്നത്. ഉക്രൈനില്‍ കര്‍ഫ്യൂ പിന്‍വലിച്ചാല്‍ അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാരോട് ഉക്രൈനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഉക്രൈനിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് എത്തിച്ചേരാന്‍ ശ്രമിക്കുക. ട്രെയിന്‍ വഴിയുള്ള യാത്ര സുരക്ഷിതമാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിന് ഉക്രൈന്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നതായും എംബസി അറിയിച്ചു. സൗജന്യ യാത്രയാണ് അനുവദിച്ചിരിക്കുന്നത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ട്രെയിനില്‍ കയറ്റുക. സംഘമായി യാത്ര ചെയ്യാനും എംബസി നിര്‍ദേശിച്ചു.






