അഡീ. എസ്.ഐക്ക് പോലീസുകാരിയുടെ തല്ല്, അച്ചടക്ക നടപടിയുമായി വകുപ്പ്

കോട്ടയം - പോലീസ് സ്‌റ്റേഷനില്‍  പോലീസ് ഉദ്യോഗസ്ഥയും എഎസ്്‌ഐയുമായുളള കയ്യാങ്കളിയുടെ പശ്ചാത്തലത്തില്‍ പരാതികളില്‍ പോലീസ് കൂടുതല്‍ അച്ചടക്ക നടപടികളിലേക്ക്. ശബരിമല കാലത്ത് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ടു പേര്‍ക്ക് എതിരെ നടപടി. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ജില്ലയിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ്്  സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്്. എരുമേലി പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബിജി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന അഡീഷണല്‍ എസ്.ഐക്കും വനിതാ പോലീസുകാരിക്കുമെതിരേയാണ് നടപടിക്ക് ശുപാര്‍ശ ചെയ്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാര്‍ക്കിങ് മൈതാനത്ത് വാഹനങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയെന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങളെത്തുടര്‍ന്നാണ് എരുമേലി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരായ നടപടി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖലാ ഐ.ജിയാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. 2020-ല്‍ കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ മണല്‍ മാഫിയയില്‍നിന്ന് പണം വാങ്ങി ഒത്താശ ചെയ്തുകൊടുത്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഡ്രൈവറായ ബിജിക്കെതിരേ വിജിലന്‍സ് ഡയറക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എ.ഐ.ജിയാണ് സസ്‌പെന്‍ഡുചെയ്ത് ഉത്തരവിറക്കിയത്.

പോലീസ് സ്റ്റേഷനുള്ളില്‍ പോലീസുകാരി അഡീഷണല്‍ എസ്.ഐയെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയരായ കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി എടുത്തിരിക്കുകയാണ്്. മര്‍ദനമേറ്റ അഡീഷണല്‍ എസ്.ഐയെ ചിങ്ങവനത്തേക്കും മര്‍ദിച്ച പോലീസുകാരിയെ മുണ്ടക്കയത്തേക്കും സ്ഥലംമാറ്റിയിരിക്കുകയാണ്്. സംഭവത്തില്‍ അഞ്ച് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.ക്ക് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി. സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്. പള്ളിക്കത്തോട് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവം.

ഇരുവരും അടുപ്പത്തിലായിരിക്കെ കഴിഞ്ഞ ദിവസം പോലീസുകാരി അഡീഷണല്‍ എസ്.ഐയുടെ ഭാര്യയെ ഫോണില്‍വിളിച്ച് സംസാരിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ അഡീഷണല്‍ എസ്.ഐ തന്റെ ഫോണിലേക്കുള്ള പോലീസുകാരിയുടെ ഫോണ്‍ കോളുകള്‍ ബ്ലോക്ക് ചെയ്തു. ഇതെചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഡീഷണല്‍ എസ്.ഐ വീണ്ടും പോലീസുകാരിയുടെ ഫോണിലേക്ക് അശ്ലീലസന്ദേശമയച്ചത്.
ഞായറാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ അഡീഷണല്‍ എസ്.ഐയോട് പോലീസുകാരി ഇതുസംബന്ധിച്ച് ചോദിച്ചത് വാക്കേറ്റത്തിലെത്തുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ഈ സംഭവത്തിലും അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്്.

 

 

 

 

Latest News