സിയാലിന്റെ ഹരിത യാത്രയില്‍ പുതിയ കാല്‍വെയ്പ്പ്; 12 മെഗാവാട്ട് പയ്യന്നൂര്‍ സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം 6 ന്

കൊച്ചി- ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലിന്റെ പുതിയ ഹരിത ഊര്‍ജ്ജ പദ്ധതിയായ പയ്യന്നൂര്‍ സൗരോര്‍ജ പ്ലാന്റ് മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. 12 മെഗാവാട്ടാണ് സ്ഥാപിതശേഷി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് ഏറ്റുകുടുക്കയില്‍ സൗരോര്‍ജ പ്ലാന്റിനടത്തുള്ള വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക.
  രാജ്യത്ത് അധികം പരീക്ഷിക്കപെട്ടിട്ടില്ലാത്ത ഭൗമ ഘടനാനുസൃത   സോളാര്‍ പ്ലാന്റ് ആണ് പയ്യന്നുരിലെത്. ഭൂമിയുടെ ഘടനയെ കൃത്യതയോടെ ഉപയോഗിക്കുന്നതിനാല്‍ ഇത്തരം പ്ലാന്റ്‌റുകള്‍ക്ക് നിരപാര്‍ന്ന സ്ഥലത്തുള്ള പ്ലാന്റുകളെക്കാള്‍ 35 ശതമാനത്തില്‍ അധികം പാനലുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. പയ്യന്നൂര്‍ പ്ലാന്റില്‍ നിന്ന് മാത്രം പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതി ലഭിക്കും. സോളാര്‍ കാര്‍ പോര്‍ട്ട് ഉള്‍പ്പെടെ കൊച്ചി വിമാനത്താവള പരിസരത്തുള്ള എട്ട് സൗരോര്‍ജ പ്ലാന്റുകള്‍ നിലവില്‍ സിയാലിന്റെ സൗരോര്‍ജ പദ്ധതിയുടെ ഭാഗമാണ്. പയ്യന്നൂര്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ സിയാലിന്റെ സോളാര്‍ പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട്  ആയി വര്‍ദ്ധിക്കുകയാണ്. ഇവയിലൂടെ പ്രതിദിനം രണ്ട് ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതിയാണ് സിയാലിന് ലഭിക്കുക. വിമാനത്താവളത്തിന്റെ പ്രതിദിന ഊര്‍ജ ഉപഭോഗം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. 2021 നവംബറില്‍  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത അരിപ്പാറ  ജലവൈദ്യുത നിലയത്തില്‍ നിന്നും സീസണില്‍  പ്രതിദിനം ലഭിക്കുന്ന ഒരു ലക്ഷം യൂണിറ്റ് വൈദ്യുതിക്ക് പുറമെയാണിത്.
 2015-ല്‍ വിമാനത്താവളം ഊര്‍ജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം,  വൈദ്യുതോല്‍പ്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. ' വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് രാജ്യം ചര്‍ച്ചചെയ്യുന്ന അവസരത്തില്‍, ഇത്തരമൊരു പദ്ധതി പൂര്‍ത്തിയാക്കാന്‍ സിയാല്‍ ചെയര്‍മാന്‍ എന്ന നിലയ്ക്ക്  മുഖ്യമന്ത്രി പിണറായി വിജയന്റേയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടേയും നേതൃത്വവും മാര്‍ഗനിര്‍ദേശങ്ങളും  നിര്‍ണായകമായിരുന്നു.  ഊര്‍ജ സ്വയംപര്യാപ്തതയുള്ള സ്ഥാപനം എന്നതിലപ്പുറം ഊര്‍ജോത്പാദകരായി സിയാല്‍  മാറുകയാണ്. നിരവധി സവിശേഷതകളുള്ള പ്ലാന്റാണ് പയ്യന്നൂരിലേത്. ലഭ്യമായ ഭൂമിയുടെ ചരിവ് നികത്താതെ   സോളാര്‍പാനലുകള്‍ സ്ഥാപിക്കുന്ന  രീതിയാണ് പയ്യന്നൂരില്‍ സിയാല്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേകതരത്തില്‍ രൂപകല്‍പ്പന ചെയ്ത പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. നമ്മുടെ ആവാസ വ്യവസ്ഥക്ക് കരുതല്‍ പകര്‍ന്നുകൊണ്ടുള്ള ഇത്തരം വികസന പദ്ധതികള്‍ മറ്റ് ഊര്‍ജ്ജ ഉപയോക്താക്കള്‍ക്ക് മാതൃകയാകും എന്ന്  വിശ്വസിക്കുന്നതായി എസ് സുഹാസ് കൂട്ടിച്ചേര്‍ത്തു.

 

 

Latest News