മലപ്പുറം- തിരൂരില്‍ ഉദ്ഘാടനം ചെയ്ത ശിഹാബ് തങ്ങള്‍ ആശുപത്രിയുടെ പരസ്യം ജന്മഭൂമി പത്രത്തിനു നല്‍കിയപ്പോള്‍ സിറാജ് പത്രത്തെ തഴഞ്ഞതില്‍ പരിഭവവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. അബദ്ധം തിരുത്തണമെന്ന അഭ്യര്‍ഥനയുമായാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്.
ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം
ഏവര്‍ക്കും സുസമ്മതനായിരുന്നു കാല യവനികക്കുള്ളില്‍ മറഞ്ഞ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന്റെ പേരില്‍ ഒരു സഹകരണ ആശുപത്രി തിരൂരില്‍ ആരംഭിച്ചത് എന്ത് കൊണ്ടും നന്നായി.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് ഹോസ്പിറ്റലിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചത്.
ശിഹാബ് തങ്ങളെപ്പോലെ സുസമ്മതനായ ഒരാളുടെ പേരില്‍ ആരംഭിക്കുന്ന ഒരു പൊതു സ്ഥാപനത്തിന്റെ കാര്യത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പിശക് സംഭവിച്ചു എന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് ബന്ധപ്പെട്ടവര്‍ തിരുത്തിയാല്‍ വലിയ കാര്യമാകും.
എല്ലാ പത്രങ്ങള്‍ക്കും ഹോസ്പിറ്റലിന്റെ പരസ്യം കൊടുത്തു. ഏറെ രാഷ്ട്രീയ വിയോജിപ്പുള്ള 'ജന്‍മഭൂമി'ക്ക് പോലും. നല്ല കാര്യം. മാറ്റി നിര്‍ത്തപ്പെട്ടത് 'സിറാജ്' ദിനപത്രം മാത്രമാണെന്നാണ് പ്രചരിക്കുന്ന വര്‍ത്തമാനം.
ഒരുമയെ കുറിച്ച് പ്രസംഗവും എഴുത്തും മാത്രം പോര. പ്രവൃത്തി പഥത്തിലും അതു വേണം. ശിഹാബ് തങ്ങളുടെ നാമത്തില്‍ തുടങ്ങുന്ന  ഒരു മഹനീയ സംരംഭത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും.
തുടക്കത്തിലേ ഉണ്ടായ  കല്ലുകടി ഒഴിവാക്കാമായിരുന്നു. സമയം വൈകിയിട്ടില്ല. പറ്റിയ അബദ്ധം തിരുത്താന്‍ ഭരണസമിതി തയ്യാറായെങ്കില്‍ എത്ര നന്നായേനെ. ഒരാഗ്രഹം പങ്കുവെച്ചു എന്നു മാത്രം.

	
	




