കൈപ്പുണ്ണും രോമാഞ്ചവും!

കെ. ശിവശങ്കർ ഒരു സാധാരണ ആനയല്ല. ഐ.എ.എസുകാരെ അസൂയാലുക്കൾ 'വെള്ളാന'യെന്നു വിളിക്കും. അങ്ങനെയെങ്കിൽ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം ഒരു ആന തന്റെ ആത്മകഥ എഴുതിയതാണെന്നു അർഥമാക്കാം. നിയമസഭയിൽ ആനയെ തളയ്ക്കുന്ന കാര്യം വർണിക്കാത്തതാണ് പിണറായിയെക്കുറിച്ച് സുധാകരനാശാന്റെ ആക്ഷേപം. 'മാതംഗശാസ്ത്രം' എന്നൊരു ഗ്രന്ഥമുണ്ട്. ആശാൻ അതു കണ്ടിരിക്കുകയില്ല. ശിവശങ്കരൻ വാതുറന്നാൽ മന്ത്രിസഭ വീഴുമെന്ന് ആശാൻ രണ്ടും കൽപിച്ചൊന്നു തട്ടിവിട്ടു. ലൈഫ് മിഷൻ, സ്വർണം, ഈത്തപ്പഴം എന്നൊക്കെ വിളിച്ചുപറഞ്ഞു വിരട്ടാമെന്നല്ലാതെ, കാര്യത്തോടടുക്കുമ്പോൾ ശിഷ്യന്മാർ പമ്പകടക്കും. 99 എമ്മെല്ലേമാരുള്ള മന്ത്രിസഭയാണ്, കുഴിയാന വാതുറന്നാൽ വീഴുകയില്ല എന്നത്രേ മുഖ്യന്റെ നിലപാട്. അഥവാ മന്ത്രിസഭ വീണാൽ ആനയുടെ ബദ്ധവൈരിയായ സ്വപ്നാ സുരേഷ് എന്ന് സിംഹിനിയുണ്ട് പിടച്ചെഴുന്നേൽപിക്കാൻ. പ്രത്യേകിച്ച്, പുനർനിയമനം കിട്ടി ഓജസ്സും തേജസ്സും വീണ്ടെടുത്ത് 'ലിപ്സ്റ്റിക്കും കാജലു'മൊക്കെയായി രംഗപ്രവേശം നടത്തിയിരിക്കുകയാണ് നായിക. അശ്വത്ഥാമാവിന്റെ വാതുറന്നാൽ ലഭിക്കാവുന്നതിന്റെ മൂന്നിരട്ടിയെങ്കിലുമുണ്ടാകും സ്വപ്നയുടെ വദനഗഹ്വരത്തിൽ. തലമുടി മുഴുവനും സിൽവർ ലൈനാകും മുമ്പേ സുധാകരനാശാൻ മറ്റേതെങ്കിലും സ്വപ്ന പദ്ധതി തയാറാക്കുന്നതാണ് നന്ന്.
****                                            ****                                   ****
കേരള ഗവർണറെ ഓർത്ത് നാം കോൾമയിർ കൊള്ളണം. ഇതിനു മുമ്പ് ഇതേ ജനുസ്സിൽപെട്ട മറ്റൊരു ഗവർണറദ്ദേഹം ചെന്നൈയിലുണ്ടായിരുന്നു -ചെന്നറെഡ്ഡി. റെഡ്ഡിക്ക് ജയലളിതാമ്മയെ വിരട്ടുന്നതായിരുന്നു ഹോബി. അതിനു ശേഷം നമ്മുടെ ഗവണറല്ലാതെ ഇന്ത്യയിൽ പ്രസിഡന്റിന്റെ മറ്റൊരു പ്രതിനിധിയും റബർ സ്റ്റാമ്പും ഇത്രയേറെ ശബ്ദമുണ്ടാക്കിയിട്ടില്ല. അദ്ദേഹം ഏതു ഫയലിൽ തൊട്ടാലും, തൊടാതെ  മടക്കി അയച്ചാലും ഒരു പ്രശ്‌നമുണ്ടാകും. 85 ലക്ഷത്തിന്റെ ബെൻസ് കാർ വേണമെന്ന് അദ്ദേഹം സ്വപ്‌നേപി നിരൂപിച്ചതല്ല. പക്ഷേ, കേരളത്തിലെ ബ്യൂറോക്രാറ്റ് വർഗം വിവിധ തരം ബെൻസ് വണ്ടികളുടെ ഫോട്ടോകളും കാറ്റലോഗുകളും സി.ഡിയുമൊക്കെ അയച്ചു പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. അഞ്ചു പാർട്ടികളിൽ പ്രവർത്തിച്ചുപോന്ന ആരിഫ്ജി തരിമ്പും കുലുങ്ങിയില്ല. 'പുത്തനച്ചി പുരപ്പുറം തൂക്കു'മെന്ന മാതിരി രാജ്ഭവൻ ഉഴുതു മറിച്ചില്ല. 'കാർ' വേണ്ടെന്നു പറഞ്ഞു. ഫയൽ ഒടിഞ്ഞു മടങ്ങി. ഭരിക്കുന്നത് ഏതെങ്കിലും ഗാന്ധി ശിഷ്യർ ആയിരുന്നുവെങ്കിൽ ഒന്നര കോടിയുടെയെങ്കിലും പുത്തനൊരു വണ്ടി വിമാനത്തിൽ വന്നിറങ്ങുമായിരുന്നു. എന്നാൽ ഈ പുത്തൻ വാഹന പ്രലോഭനം പെട്ടെന്ന് ഇപ്പോൾ മാധ്യമങ്ങളിലെത്തിയതെങ്ങനെയെന്ന് വാർത്താ മൂഷികന്മാർ തുരന്നന്വേഷിക്കുകയാണ്. സംഗതി ഇത്രയേയുള്ളൂ- നിസ്വർത്ഥ ജനസേവനത്തിനായി വീടുവിട്ടിറങ്ങിയ രാഷ്ട്രീയ പ്രവർത്തകരെ 'പേഴ്‌സണൽ സ്റ്റാഫി'ൽ നിയമിക്കുന്ന കലാപരിപാടിയാണ് കാരണം. രണ്ടു കൊല്ലം കഴിയുമ്പോൾ പുതിയ നിസ്വർത്ഥ സേവകരെ മാറ്റിയെടുക്കുന്നു. ഇങ്ങനെ ഓരോ മന്ത്രിയും മുപ്പത്തിയഞ്ചു പേരെ വീതം മാറ്റിയെടുത്ത് പിരിയുമ്പോൾ അവർക്ക് ആജീവനാന്ത സർവീസ് പെൻഷൻ കിട്ടാനുള്ള സൗകര്യമൊരുക്കുന്നു. ഒരു ചിന്ന ചെപ്പടി വിദ്യ. അത്രയേയുള്ളൂ. പുറത്തു വെയിലേറ്റു തളരുന്നു ഉദ്യോഗാർഥികളുണ്ടാകാം. അവർ കഷ്ട കാലത്തായിരിക്കാം ജനിച്ചത് എന്നു കരുതിയാൽ മതി. 'പബ്ലിക് സർവീസ് കമ്മീഷൻ' എന്തിനാനെന്നു ചില മന്ദബുദ്ധികൾ ചോദിച്ചേക്കാം. ഭരണ സൗധങ്ങൾക്കു മുമ്പിൽ 'നോക്കുകുത്തി'യായി വെക്കാം, പാഴാക്കണ്ട.
1996 ൽ കെ. കരുണാകരൻ ആണത്രേ മേൽപടി പരിപാടിക്കു ക്ലാപ്പടിച്ചത്. ഇന്നും മുടക്കമില്ലാതെ തുടരുന്ന ഈ ഷൂട്ടിംഗിലൂടെ എത്ര നിസ്വാർഥ രാഷ്ട്രീയ സേവകരുടെ ഗ്ലാമർ വർധിച്ചുവെന്നു കണക്കെടുത്താൽ സിനിമാ വ്യവസായം പോലും മുട്ടുകുത്തും! ഇപ്പോൾ 'ആത്മാവി'ൽ വിശ്വസിക്കാത്ത മുഖ്യമന്ത്രിയുടെ ഭരണം. തൊഴിലില്ലായ്മ നിമിത്തം ആത്മഹത്യ ചെയ്തവരെക്കുറിച്ച് ഭയക്കുന്ന പ്രശ്‌നമേയില്ല. ഇതൊന്നും കണ്ടില്ലെന്നു നടിച്ചു കണ്ണടച്ചും കണക്കെടുത്തും കഴിയുകയായിരുന്ന ഗവർണർജി. ഇടക്ക് യു.പിയിൽ തെരഞ്ഞെടുപ്പു വരുന്നുവെന്നു കേട്ട് ദില്ലിക്കു വെച്ചുപിടിച്ചു. പക്ഷേ പിടി ഏറ്റില്ല. ന്യൂനപക്ഷമെന്ന, വിപ്ലവകാരിയായാൽ പോലും യോഗിയുടെ കൈയിൽ സീറ്റ് ബാക്കിയില്ല. ആരിഫ്ജി വന്ന വഴിയേ മടങ്ങി.
പിന്നെയാണ് സംഭവ വികാസം- മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് വിഷയം കറുകപ്പുല്ല് ചവയ്ക്കുന്ന മാനിനെപ്പോലെ ഗവർണർ മാധ്യമ മുമ്പാകെ ചവച്ചു തുപ്പി. 'കൊടുത്താൽ കൊല്ലത്തും കിട്ടു'മെന്നാണല്ലോ ചൊല്ല്. രാജ്ഭവന്റെ കാര്യം 'ഠപ്പേ'ന്ന് ആരോ എടുത്തു പൊട്ടിച്ചു. 157 പേർ മൊത്തം സ്റ്റാഫ്. പണിയോ? അവരോട് തന്നെ ചോദിക്കണം. ഇപ്പോൾ ആരിഫ്ജി ഇതര സംസ്ഥാന ഗവർണറന്മാരുടെ സ്റ്റാഫിന്റെ കണക്കെടുപ്പിൽ ജാഗരൂകരനായിരിക്കുകയാണ്. ആരും ശല്യപ്പെടുത്തരുത്, പ്ലീസ്! സർക്കാർ ഖജനാവ് എന്നു പറഞ്ഞാൽ പൊതുജനത്തിന്റേതാണെന്ന വസ്തുത ഗവർണറും മുഖ്യനും മറക്കാം. നാട്ടുകാരും മറക്കുകയേ തരമുള്ളൂ; മറ്റെന്തു ചെയ്യാനാണ് അസ്സേ!
****                                                        ****                         ****
തീക്കട്ടയിൽ ഉറുമ്പരിക്കുന്നുവോ? ആര്യനാട്ട് ഒരിടത്ത് വോട്ടിനിടേണ്ടിവന്നു പാർട്ടി സെക്രട്ടറിയെ കണ്ടെത്തുവാൻ. കായംകുളത്ത് ഒരു കൊല്ലത്തിനു ശേഷം യു. പ്രതിഭ എമ്മെല്ലേ വീണ്ടും ആയുധമെടുത്തു. ഇത്തവണ, അവശേഷിക്കുന്ന ഔദ്യോഗിക സഖാക്കളെയൊക്കെ ചേർത്താണ് വിമർശനത്തിന്റെ കൊയ്ത്ത്. സുധാകരൻ സഖാവ് ജീവനും കൊണ്ടു നേരത്തെ വീടു പൂകിയതിനാൽ സഖാവും അദ്ദേഹത്തിന്റെ കവിതയെഴുത്തും രക്ഷപ്പെട്ടു. തകഴിയിൽ നിന്നും വള്ളത്തിലും വണ്ടിയിലുമൊക്കെയായി രാപ്പകൽ അധ്വാനിച്ചു യാത്ര ചെയ്തവരാണ് പ്രതിഭാ സഖാവ്. 44 വയസ്സേയുള്ളൂ; പക്ഷേ പാർട്ടിക്കായി കഴിച്ച കട്ടൻ ചായക്കും പിരിപ്പുവടയ്ക്കും ആരോടും കണക്കു ബോധിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അവരുടെ കായംകുളം മണ്ഡലത്തിന്റെ രണ്ടാമങ്കത്തിന്റെ വിജയത്തിന് തിളക്കം പോരാ എന്നൊരു തോന്നൽ.
ആരിഫും നാസറും സുധാകരൻ സഖാവുമൊക്കെ ഓരോ വഴിക്കു പോയി. മത്സരം കടുത്തപ്പോൾ കുട പടിക്കാൻ പോലും ആളില്ല. ജയിച്ചപ്പോൾ വോട്ട് പോരാ എന്നൊരു തോന്നൽ. തൃപ്പൂണിത്തുറയിലെ സ്വരാജിന്റെ വീഴ്ചയന്വേഷിച്ചു തൈലവും എണ്ണയുമായി ഓടിച്ചെന്ന കോടിയേരി സഖാവ് കായംകുളത്ത് വണ്ടി നിർത്തിയില്ല. വോട്ട് അയ്യായിരം കൂടുതലുണ്ട് എന്നു സഖാക്കൾ ബോധ്യപ്പെടുത്താൻ നോക്കിയിട്ടും പ്രതിഭ വഴങ്ങുന്നില്ല. മനസ്സിലാക്കാനുള്ള പ്രതിഭയില്ലെന്നു സാരം. നിയമ ബിരുദമുണ്ടെങ്കിലും സ്‌കൂളിൽ കണക്കിന് മിനിമം പാസ്മാർക്ക് ആയിരുന്നിരിക്കാം. ഏതായാലും വോട്ട് ചോർച്ചയുണ്ടായി എന്നു പറഞ്ഞു നിർത്താതെ വിലാപമാണ് പ്രതിഭാ സഖാവ്. ഇത് കേരളത്തിലെ പല മണ്ഡലങ്ങളുടെയും പ്രതിഫലനമാണ് എന്നു കോടിയേരി മനസ്സിലാക്കണം.
കുറച്ചുകാലം ലീവെടുത്തും വിജയരാഘവൻ സഖാവിനെ കടിഞ്ഞാൺ ഏൽപിച്ചതുമൊക്കെ പുലിവാലായി എന്നു തോന്നിയാൽ നന്ന്. കൈപ്പുണ്ണ് കാണാൻ കണ്ണാടി വേണ്ട.
*****  *****
പോലീസിൽ പുരുഷ മേധാവിത്വവും സ്ത്രീ പീഡനവുമുണ്ടെന്ന് ശ്രീലേഖ ഐ.പി.എസ് റിട്ടയർ ചെയ്ത ശേഷം പറഞ്ഞതിൽ മുഖ്യൻ ഉൾപ്പെടെ എല്ലാവർക്കും കുണ്ഠിതമുണ്ട്. അഞ്ചു വർഷം മുമ്പ് സ്വന്തം സമ്മതമില്ലാതെ സ്വന്തം അവയവം മുറിച്ചു മാറ്റേണ്ടി വന്നതിൽ ബി. സന്ധ്യയുടെ പങ്കുണ്ട് എന്നു ഗംഗേശാനന്ദയുടെ ഒരു വെടിക്കെട്ടു കൂടി കേട്ടു. പോലീസിനകത്ത് ക്രമവും സമാധാനവുമില്ല എന്നാണോ തെളിയുന്നത്. പ്രശ്‌നം ഗുരുതരം!

Latest News