തളിപ്പറമ്പ്- നാസയുടെ കരാര്‍ കമ്പനിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഒന്നേകാല്‍ കോടി രൂപയും 20 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത കേസിലെ പ്രതി ക്രൈംബ്രാഞ്ച് പിടിയില്‍. പേരാമ്പ്ര കൊടേരിച്ചാലിലെ വാഴാട്ട് ഹൗസില്‍ ബിജുകുമാറി (36) നെയാണ് കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, പി.വി.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. നാസയുടെ കരാര്‍ കമ്പനിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് തളിപ്പറമ്പ് സ്വദേശി പി. ഭാര്‍ഗവന്റെയും ഭാര്യയുടെയും മക ന്റെയും അക്കൗണ്ട് വഴിയാണ് 1,26,48,412 രൂപയും 20 പവന്‍ സ്വര്‍ണവും ഇയാള്‍ തട്ടിയെടുത്തത്. 2015 ജൂണ്‍ 16 മുതല്‍ 2020 ഫെബ്രുവരി അഞ്ചുവരെ വിവിധ ഘട്ടങ്ങളിലായി ഓഹരി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.
ഭാര്‍ഗവന്റെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി തമിഴ്‌നാട്ടിലുണ്ടെന്ന് കണ്ടെത്തി. തു ടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്.ഐ ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ മാങ്ങാട്ടുപറമ്പിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.