കണ്ണൂര്‍ - തലശേരി കോടതി കെട്ടിടം ബോംബ് വച്ച് തകര്‍ക്കുമെന്ന് നക്‌സലൈറ്റ് സംഘടനയായ പോരാട്ടത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന് പിന്നില്‍ കുടുംബ കോടതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെന്ന് സൂചന. സംഭവത്തില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും നടത്തിയ പ്രാഥമികാന്വേഷണത്തില്‍ മാവോയിസ്റ്റ് സംഘടനകള്‍ക്ക് സംഭവത്തില്‍ ബന്ധമില്ലെന്നാണ് സൂചന ലഭിച്ചതെന്നറിയുന്നു.
തലശ്ശേരി കോടതി സമുച്ചയത്തിലെ
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിക്ക് പുറത്ത് ശൗചാലയ ഭാഗത്തെ ചുമരില്‍ കടലാസില്‍ എഴുതി പതിച്ച നിലയിലാണ് കഴിഞ്ഞ സന്ധ്യക്ക് ഭീഷണി പോസ്റ്റര്‍ കാണപ്പെട്ടത്. കോടതി ബോംബിട്ട് തകര്‍ക്കുമെന്നും, ഫാമിലി കൗണ്‍സിലിനിടയില്‍ മര്യാദയില്ലാതെ ആണുങ്ങളോട് തട്ടി കയറുന്ന വനിതാ വക്കീലിന്റെ തലതെറിപ്പിക്കുമെന്നുമാണ് പോസ്റ്ററിലൂടെ ഭീഷണി മുഴക്കിയത്.
വിവരമറിഞ്ഞ് തലശ്ശേരി പോലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി. കടലാസില്‍ പേന ഉപയോഗിച്ച് എഴുതിയ വരികളില്‍ കോടതിയെയും ഭരണകൂടത്തെയും വക്കീലിനെയുമാണ് വിമര്‍ശിക്കുന്നത്. തലശേരി കോടതി അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
കുടുംബ കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കക്ഷിയും അഭിഭാഷകനുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചു. ഇതാകാം ഭീഷണിക്ക് പിറകിലെന്നാണ് പോലിസ് സംശയിക്കുന്നത്. പോരാട്ടം എന്ന പേരിലാണ് പോസ്റ്ററിലെ വരികള്‍ അവസാനിക്കുന്നത്. എന്നാല്‍, മാവോയിസ്റ്റ് സംഘടനകളുമായി പോസ്റ്ററിന് ബന്ധമുണ്ടെന്ന സൂചനകള്‍ ഒന്നും കണ്ടെത്താനായിട്ടില്ല.