റിയാദ് - ചികിത്സാ ഫീസ് നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ രോഗികളെയും നവജാതശിശുക്കളെയും തടഞ്ഞുവെക്കാനും ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാനും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാതിരിക്കാനും സ്വകാര്യ ആശുപത്രികള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും അവകാശമില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. ചികിത്സാ ഫീസുകള്‍ ഔദ്യോഗിക ചാനലുകളിലൂടെ വസൂലാക്കാന്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. കുറ്റകൃത്യങ്ങളെ കുറിച്ചും ചികിത്സ തേടുന്ന രോഗികളോ അഡ്മിറ്റില്‍ കഴിയുന്ന രോഗികളോ മരണപ്പെട്ടാലും അതേ കുറിച്ചും ഏറ്റവും അടുത്ത ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളെയും അതത് പ്രവിശ്യകളിലെ ആരോഗ്യ വകുപ്പിനെയും സ്വകാര്യ ആശുപത്രികള്‍ ഉടനടി അറിയിക്കണം.
കുറ്റകൃത്യങ്ങളില്‍ പെട്ട് പരിക്കേറ്റവര്‍ ചികിത്സ തേടിയാലും അത്തരക്കാര്‍ക്ക് ചികിത്സ നല്‍കിയാലും ആംബുലന്‍സ് സേവനം തേടിയാലും അതേ കുറിച്ചും ബന്ധപ്പെട്ട വകുപ്പുകളെ സ്വകാര്യ ആശുപത്രികള്‍ ഉടനടി അറിയിക്കല്‍ നിര്‍ബന്ധമാണ്. വാഹനാപകടങ്ങളെയും അപകടങ്ങളില്‍ പരിക്കേറ്റവരെയും കുറിച്ച പൂര്‍ണ വിവരങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ സൂക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.