Sorry, you need to enable JavaScript to visit this website.

1.2 കോടി കവിഞ്ഞ് റിയാദ് സീസണ്‍ സന്ദര്‍ശകര്‍

റിയാദ് - റിയാദ് സീസണ്‍ പരിപാടികള്‍ സ്വദേശികളും രാജ്യത്ത് കഴിയുന്ന വിദേശികളും വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ ടൂറിസ്റ്റുകളും അടക്കം 1.2 കോടിയിലേറെ പേര്‍ സന്ദര്‍ശിച്ചതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് അറിയിച്ചു. കുവൈത്ത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി റിയാദ് സീസണ്‍ നഗരിയായ ബോളിവാര്‍ഡ് റിയാദ് സിറ്റിയില്‍ സംഘടിപ്പിച്ച പ്രത്യേക സംഗീത വിരുന്നില്‍ കുവൈത്തി ഗായകരായ നവാല്‍ അല്‍കുവൈതിയ, നബീല്‍ ശുഅയ്ല്‍, മുത്‌റഫ് അല്‍മുത്‌റഫ്, മുസാഅദ് അല്‍ബലൂശി എന്നിവര്‍ പങ്കെടുത്തു. റിയാദ് സീസണ്‍ 1,20,000 ലേറെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ 37,000 എണ്ണം നേരിട്ടുള്ള തൊഴിലവസരങ്ങളും 85,000 എണ്ണം പരോക്ഷ തൊഴിലവസരങ്ങളുമാണ്.
എല്ലാവരുടെയും പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള വിജയമാണ് റിയാദ് സീസണ്‍ പരിപാടികള്‍ എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. റിയാദ് സീസണ്‍ പരിപാടികള്‍ വീക്ഷിക്കുന്നതിന് നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 20 ന് ആണ് റിയാദ് സീസണ്‍ പരിപാടികള്‍ക്ക് തുടക്കമായത്. തലസ്ഥാന നഗരിയിലെ വ്യത്യസ്ത ഭാഗങ്ങളിലായി ബോളിവാര്‍ഡ് റിയാദ് സിറ്റി, വയ റിയാദ്, കോമ്പാറ്റ് ഫീല്‍ഡ്, അല്‍അഥ്‌രിയ, റിയാദ് ഒയാസിസ്, ദി ഗ്രോവ്‌സ്, റിയാദ് വിന്റര്‍ വണ്ടര്‍ലാന്റ്, റിയാദ് ഫ്രന്റ്, അല്‍മുറബ്ബ, റിയാദ് പള്‍സ്, റിയാദ് സഫാരി, അല്‍സലാം ട്രീ, ഖല്ലൂഹാ, സമാന്‍ വില്ലേജ് എന്നീ പതിനാലു പ്രദേശങ്ങളിലാണ് റിയാദ് സീസണ്‍ പരിപാടികള്‍ അരങ്ങേറുന്നത്.
ഇത്തവണത്തെ റിയാദ് സീസണില്‍ വൈവിധ്യമാര്‍ന്ന 7,500 ലേറെ പരിപാടികള്‍ അരങ്ങേറുന്നുണ്ട്. പത്തു അന്താരാഷ്ട്ര എക്‌സിബിഷനുകളും 350 ലേറെ നാടക പ്രദര്‍ശനങ്ങളും കാര്‍ ഷോയും കാര്‍ ലേലവും ഇ-ഗെയിം ചാമ്പ്യന്‍ഷിപ്പും 100 ലേറെ ഇന്ററാക്ടീവ് പരിപാടികളും 18 അറബ് നാടകങ്ങളും ആറു അന്തര്‍ദേശീയ നാടകങ്ങളും ആറു അന്തര്‍ദേശീയ ഗാനമേളകളും 70 അറബ് സംഗീത വിരുന്നുകളും രണ്ടു അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളും വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടൈന്‍മെന്റ് ഗുസ്തി മത്സരങ്ങളും റിയാദ് സീസണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയാദ് സീസണ്‍ പ്രദേശങ്ങളില്‍ 70 ലേറെ കോഫി ഷോപ്പുകളും 200 റെസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നു.

 

 

Latest News