പുനെ- മഹാരാഷ്ട്രയിലെ മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പട്ടോലെയുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ മുന്‍ കമ്മീഷണറായ ഐപിഎസ് ഓഫീസര്‍ രശ്മി ശുക്ലയ്‌ക്കെതിരെ പോലീസ് കേസെടുത്തു. 2016-17 കാലയളവില്‍ തന്റെ ഫോണ്‍ ചോര്‍ത്തിയിരുന്നുവെന്നും മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ള അംജദ് ഖാന്‍ എന്നയാളിന്റെ ഫോണ്‍ ആണെന്ന വ്യാജേനയാണ് ഇതു ചെയ്തതെന്നും നാന പട്ടോലെ ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രി റോസാഹബ് ധന്‍വെയുടെ പിഎ, മുന്‍ ബിജെപി എംപി സഞ്ജയ് കാകഡെ ഉള്‍പ്പെടെ നിരവധി ജനപ്രതിനിധികളുടെ ഫോണുകളും ചോര്‍ത്തിയതായി പട്ടോലെ ആരോപിച്ചിരുന്നു. ഈ ആരോപണം അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിക്കുകയും ഇതു പ്രകാരം ഡിജിപി സഞ്ജയ് പാണ്ഡെയുടെ നേതൃത്വത്തില്‍ മൂന്നംഗം അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ സമിതിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രശ്മി ശുക്ല ഐപിഎസിനെതിരെ ബന്‍ഡ് ഗാര്‍ജന്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
2016 മുതല്‍ 2018 വരെ പുനെ പോലീസ് കമ്മീഷണറായിരുന്ന രശ്മി ശുക്ല ഇപ്പോള്‍ ഹൈദരാബാദില്‍ കേന്ദ്ര സേനയായ സിആര്‍പിഎഫില്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പദവി വഹിക്കുന്നു. സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ് മേധാവി ആയിരിക്കെ രശ്മി ശുക്ല ഫോണ്‍ ചോര്‍ത്തിയിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.