കീവ്- റഷ്യക്കെതിരായ പോരാട്ടം ശക്തമാക്കാൻ സുഹൃദ് രാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉക്രൈൻ പ്രസിഡന്റ് വ്‌ളോദമിർ സെലൻസ്‌കി. റഷ്യയെ തടയുന്നതിന് സാധാരണക്കാർക്ക് ആയുധം നൽകുന്നതും ഉക്രൈൻ തുടരുകയാണ്. നയതന്ത്ര സഖ്യത്തിന്റെ പുതിയ പ്രഭാതത്തിന് തുടക്കം കുറിച്ചതായും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി സംസാരിച്ച ശേഷം വ്‌ളോദമിർ സെലൻസ്‌കി പറഞ്ഞു. കീവിനെ പിടിക്കാനുള്ള റഷ്യയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ഉക്രൈൻ കാഴ്ചവെക്കുന്നത്. റഷ്യക്കെതിരെ വിജയം തങ്ങളുടേത് ആയിരിക്കുമെന്നും ഉക്രൈൻ പ്രസിഡന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, പ്രശ്‌നം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചക്കുള്ള സാധ്യതയും തെളിയുന്നുണ്ട്. ബെലാറസ് തലസ്ഥാനമായ മിൻസ്‌കിൽ ചർച്ച നടത്താമെന്ന റഷ്യയുടെ ആവശ്യത്തോട് ചർച്ചയുടെ വേദി മാറ്റണമെന്ന് ഉക്രൈൻ ആവശ്യപ്പെട്ടു. വാഴ്‌സോ(Warsaw)വേദിയാക്കണം എന്നാണ് ഉക്രൈൻ ആവശ്യപ്പെട്ടത്. വെടിനിർത്തൽ പ്രഖ്യാപിക്കാനും സമാധാനം സ്ഥാപിക്കാനും ഒരുക്കമാണെന്നും ഉക്രൈൻ പ്രഖ്യാപിച്ചു. ചർച്ചക്ക് ഒരുക്കമാണെന്ന റഷ്യയുടെ പ്രഖ്യാപനം ആത്മാർത്ഥമായിട്ടാണെങ്കിൽ വെടിനിർത്തണമെന്നും രക്തചൊരിച്ചിൽ ഒഴിവാക്കണമെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഇതോടകം ആയിരത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഉക്രൈന്റെ അവകാശവാദം. ഉക്രൈനിൽ 25 സാധാരണക്കാരും കൊല്ലപ്പെട്ടു.