ബലാത്സംഗത്തിലൂടെ പിറക്കുന്ന കുഞ്ഞും ഇര; നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

മുംബൈ- ബലാത്സംഗത്തിലൂടെ ഗര്‍ഭംധരിച്ച് പിറന്ന കുഞ്ഞും ഒരു ഇരയാണെന്നും ആ കുഞ്ഞിനും മതിയായ നഷ്ടപരിഹാരം നിര്‍ബന്ധമായും നല്‍കണമെന്നും ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി 33കാരനായ യുവാവ്, ഇരയ്ക്കു പിറന്ന ആണ്‍കുഞ്ഞിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിക്കുകയും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ കുടുംബവും  പ്രതിയായ രമേശ് വാവേക്കറും ഉപേക്ഷിച്ചിരിക്കുകയാണെന്നും കണ്ടെത്തിയാണ് കോടതി കുഞ്ഞിന്റെ പേരില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പെണ്‍കുട്ടി ഇപ്പോള്‍ അനാഥാലയത്തിന്റെ സംരക്ഷണത്തിലാണ്.

ഒരു കുറ്റകൃത്യം കാരണം നഷ്ടം സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്ത വ്യക്തികളെയാണ് ക്രിമിനല്‍ നടപടി ചട്ടം വകുപ്പ് 2 പ്രകാരം 'ഇര' എന്നു പറയുന്നത്. ഈ വ്യാഖ്യാനത്തില്‍ രക്ഷിതാവോ, നിയമപരമായ പിന്തുടര്‍ച്ചാവകാശിയോ ഉള്‍പ്പെടുമെന്നും ജസ്റ്റിസുമാരായ സാധന ജാദവ്, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഈ കേസില്‍ ഇരയ്ക്കു പിറന്ന കുഞ്ഞ് തീര്‍ച്ചയായും അവരുടെ പിന്തുടര്‍ച്ചാവകാശിയാണ് എന്നു മാത്രമല്ല നിയമപരമായ വ്യഖ്യാനത്തില്‍ ഇര എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതുമാണ്. പ്രതി ഈ കുഞ്ഞിനെ ജനിപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തതിനാല്‍ കുഞ്ഞിനും മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്- കോടതി വ്യക്തമാക്കി.
 

Latest News