തിരുവനന്തപുരം- തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് അയ്യപ്പനെ വെട്ടിക്കൊന്നതിന് കാരണം ഭാര്യയുമായി വന്നപ്പോള്‍ അസഭ്യം പറഞ്ഞതാണെന്ന് പ്രതി. എന്നാല്‍, ഇതിനപ്പുറം അയ്യപ്പനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. അപ്രതീക്ഷിതമായ തര്‍ക്കമല്ല, അയ്യപ്പനും അജീഷുമായി മുമ്പും പരിചയമുണ്ടായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. അടുത്ത ദിവസങ്ങളില്‍ വിശദമായി അജീഷിനെ ചോദ്യം ചെയ്താലെ കൊലപാതകത്തിന്റെ കാരണം വ്യക്തമാവൂവെന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കരമനയിലെ ലോഡ്ജില്‍ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി വിചാരണ നേരിടുകയാണ് അജീഷ്. കരമനയിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രഞ്ജിനി. കഞ്ചാവ് ഉപയോഗിച്ച ശേഷം അക്രമസ്വഭാവം കാട്ടുകയെന്നത് അജീഷിന്റെ സ്വഭാവമാണെന്ന് നാട്ടുകാര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ജോലിക്കുപോകുന്ന അജീഷ് തിരികെ വരുമ്പോഴെല്ലാം ഇതേ ഹോട്ടലില്‍ താമസിക്കുക പതിവാണെന്നും പറയുന്നു. ഒരാളുമായുള്ള തര്‍ക്കത്തിനു പ്രതികാരമായി മൂന്നുമാസത്തിനുശേഷം കൊലപ്പെടുത്തുക എന്നത് പോലീസിനും വിശ്വസിക്കാനായിട്ടില്ല.
അതിക്രൂരമായാണ് ഇയാള്‍ കൊലപാതകം നടത്തിയത്. നിരവധി തവണ കഴുത്തില്‍ വെട്ടി. മരണം ഉറപ്പാക്കാന്‍ തല പിടിച്ചുയര്‍ത്തി വീണ്ടും തുരുതുരെ കഴുത്തില്‍ വെട്ടിയശേഷമാണ് പ്രതി മടങ്ങിയത്. ഹോട്ടലിലെ രണ്ട് സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളിലാണ് കൊലപാതകത്തിന്റെ ക്രൂരത വ്യക്തമാകുന്നത്. തിരക്കേറിയ സമയത്ത് വെട്ടുകത്തിയും എടുത്തുകൊണ്ട് പരസ്യമായാണ് പ്രതി അജേഷ് ഹോട്ടലിലേക്കു വന്നത്. പൊടുന്നനെ അയ്യപ്പന്റെ കഴുത്തില്‍ വെട്ടാന്‍ തുടങ്ങി. കഴുത്തിനു വെട്ടേറ്റ അയ്യപ്പന് നിലവിളിക്കാന്‍ പോലുമായില്ല. അനങ്ങാന്‍ കഴിയുന്നതിനുമുമ്പുതന്നെ നിരവധി വെട്ടുകളേറ്റിരുന്നു.






