വരന്റെ തലയിലെ വിഗ്ഗ് കണ്ട് വധു ബോധം  കെട്ടുവീണു, വിവാഹം മുടങ്ങി

ലഖ്‌നൗ- വിവാഹ ദിവസം വരന്റെ തലയില്‍ വിഗ്ഗ് കണ്ട് വധു ബോധം കെട്ടുവീണു . ബോധം വന്നതിന് പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്മാറി വധു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയില്‍ ബുധനാഴ്ചയാണ് സംഭവം. അജയ് കുമാര്‍ എന്ന യുവാവിന്റെ വിവാഹമാണ് വിഗ്ഗില്‍ തട്ടിമുടങ്ങിയത് . വരണമാല്യം ചാര്‍ത്തുന്നതിനിടയിലാണ് വരന്‍ വിഗ് ധരിച്ചത് വധു ശ്രദ്ധിക്കുന്നത്.
മാല കഴുത്തിലണിയുന്നതിന് വേണ്ടി നിരവധി തവണ വിഗിന് ഇളക്കം തട്ടാത്ത രീതിയില്‍ തലപ്പാവ് അഡ്ജറ്റ് ചെയ്തതോടെയാണ് വധുവിന് കാര്യം മനസിലായത്. ഇതോടെ മണ്ഡപത്തില്‍ വധു തലകറങ്ങി വീഴുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പരിശ്രമിച്ചെങ്കിലും ബോധം വീണ ശേഷം വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. കഷണ്ടിയാണ് എന്ന വിവരം മറച്ചുവച്ചതാണ് വധുവിനെ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചത്. നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ നാണക്കേടുണ്ടാവുന്ന സാഹചര്യം ഒഴിവാക്കാനാവുമായിരുന്നുമെന്നാണ് യുവതിയുടെ പ്രതികരണം.
മറ്റൊരു സംഭവത്തില്‍ കഷണ്ടിയാണെന്ന് മറച്ചു വെച്ച് വിവാഹം കഴിച്ച യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കി നവ വധു. മുംബൈയിലെ മീര റോഡില്‍ താമസിക്കുന്ന യുവാവിനെതിരെയാണ് പരാതി. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ 27കാരിയായ യുവതിയാണ് സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്യുന്ന 29കാരനായ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. വിവാഹശേഷമാണ് ഭര്‍ത്താവിന് തലയില്‍ മുടിയില്ലെന്ന കാര്യം യുവതി അറിയുന്നത്. ഇതോടെ യുവതി വിശ്വാസ വഞ്ചനയ്ക്ക് ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് യുവാവിനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

Latest News