പെരിന്തൽമണ്ണ ലീഗിൽ ഭിന്നത; സമാന്തര കമ്മിറ്റി നിലവിൽ വന്നു

പെരിന്തൽമണ്ണ-പെരിന്തൽമണ്ണയിലെ മുസ്ലീം ലീഗിൽ ഭിന്നത പരസ്യമായി പുറത്തു വന്നു.ഏറെ നാളായി വിഭാഗീയ ശക്തമായിരുന്ന മുനിസിപ്പൽ കമ്മിറ്റിയിൽ രണ്ട് ഗ്രൂപ്പുകളുടെ നേതൃത്തിലാണ് വ്യത്യസ്ത കമ്മിറ്റികൾ നിലവിൽ വന്നത്.ഇതോടെ പെരിന്തൽമണ്ണയിലെ ഗ്രൂപ്പിസം ജില്ലാ നേതൃത്വത്തിന് കൂടുതൽ തലവേദനയായി. 
നേരത്തെ നിലവിലുണ്ടായിരുന്ന മുൻസിപ്പൽ കമ്മിറ്റിയെ ജില്ലാ കമ്മിറ്റി മരവിപ്പിച്ചിരുന്നു.പെരിന്തൽമണ്ണ സഹകരണ ബാങ്കിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ നിയോജകമണ്ഡലം സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന കൊളക്കാടൻ അസീസിനെ പാർട്ടി പദവികളിൽ നിന്ന് മാറ്റിയിരുന്നു.മുനിസിപ്പൽ നേതാക്കളായ മീമ്പിടി ബഷീർ, സി. മുഹമ്മദ് ഇർഷാദ് എന്നിവരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യുകകയുമുണ്ടായി.ഇതോടെയാണ് ഗ്രൂപ്പുകൾ സജീവമായത്.
ജില്ലാ പ്രസിഡന്റിന്റെ നിർദേശപ്രകാരം രണ്ട് ജില്ലാസെക്രട്ടറിമാരുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം മുൻസിപ്പൽ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നിരുന്നു. പി. മുഹമ്മദ് കോയതങ്ങൾ പ്രസിഡന്റും പി. ബഷീർ സെക്രട്ടറിയുമായാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ജില്ലാകമ്മിറ്റിയുടെ പിന്തുണയുള്ളതിനാൽ ഔദ്യോഗിക കമ്മിറ്റി ഇതാണെന്ന് അവർ അവകാശപ്പെടുന്നു.എന്നാൽ മറുവിഭാഗം യോഗം ചേർന്ന് സമാന്തര കമ്മിറ്റി രൂപീകരിച്ചു. സയ്യിദ് ജാഫർ തങ്ങൾ പ്രസിഡന്റും സിറാജുദ്ദീൻ മഠത്തിൽ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ഇവരുടേത്. 
ബാങ്ക് പ്രസിഡന്റായിരുന്ന കൊളക്കാടൻ അസീസിനെതിരേ ഡിസംബർ 13-ന് ഡയറക്ടർ ബോർഡിലെ ലീഗ്, കോൺഗ്രസ് പ്രതിനിധികൾ ചേർന്ന് അവിശ്വാസ നോട്ടീസ് നൽകിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ജനുവരി പത്തിന് അവിശ്വാസ നോട്ടീസ് ചർച്ചചെയ്യുന്നതിന് മുമ്പായി ജില്ലാകമ്മിറ്റി ഇടപെട്ട് അസീസിനോട് രാജിവെക്കാൻ നിർദേശിച്ചു.തുടർന്ന് അസീസ് രാജിവെക്കുകയും മുസ്്‌ലിം ലീഗിലെ തന്നെ ചേരിയിൽ മമ്മിയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു.അപ്പോഴുള്ള മുൻസിപ്പൽ കമ്മിറ്റി ജില്ലാകമ്മിറ്റി മരവിപ്പിക്കുകയും ചെയ്തു.ഈ നടപടികളോടെയാണ് വിമത വിഭാഗം സജീവമായി രംഗത്തെത്തിയത്.
 

Latest News