കൊച്ചി- 1985 ന് ശേഷം ആദ്യമായി കൊച്ചിയിലെത്തിയ സി.പി.എം സംസ്ഥാന സമ്മേളനത്തിന് നഗരം ഒരുങ്ങി. കോവിഡ് നിയന്ത്രണത്തിലും പ്രൗഢി കുറയാതെയാവും സമ്മേളനം. മറൈന്‍ഡ്രൈവിലാണ് സമ്മേളനവേദി. പ്രതിനിധികളും നേതാക്കളും ശനിയാഴ്ച മുതലെത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 27ന് ഒരുക്കങ്ങള്‍ വിലയിരുത്തും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും 28 ന് രാവിലെയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വൈകിട്ടുമെത്തും.
നെടുമ്പാശേരി വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുറക്കും. സമ്മേളനത്തിനെത്തുന്ന 400 പ്രതിനിധികള്‍ക്കായി 11 ഹോട്ടലുകളിലായാണ് താമസസൗകര്യം ഒരുക്കിയത്. പൊതുസമ്മേളനത്തില്‍ 1500 പേരുണ്ടാകും. കോവിഡ് നിയന്ത്രണങ്ങളില്‍ അയഞ്ഞാല്‍ കൂടുതല്‍ പേരെത്തും.
ദല്‍ഹിയിലെ ചെങ്കോട്ട മാതൃകയിലാണ് മറൈന്‍ഡ്രൈവിലെ സമ്മേളനവേദി. ചെങ്കോട്ടയുടെ അങ്കണം പോലെയാണ് സ്റ്റേജ്. ചുറ്റുമതിലും അതേ മാതൃകയിലാണ്. നിര്‍മ്മാണം വെള്ളിയാഴ്ച പൂര്‍ത്തിയാകും. പ്രതിനിധിസമ്മേളനം ബി. രാഘവന്‍ നഗറിലും പൊതുസമ്മേളനം ഇ. ബാലാനന്ദന്‍ നഗറിലും സെമിനാര്‍, കലാപരിപാടികള്‍, പ്രദര്‍ശനം എന്നിവ ഹെലിപ്പാഡിലെ അഭിമന്യു നഗറിലും നടക്കും.






