Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കോവിഡ് രോഗമുക്തി നിരക്ക് 96.8 ശതമാനമായി ഉയര്‍ന്നു

റിയാദ് - സൗദിയില്‍ കൊറോണ ബാധിതര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് 96.8 ശതമാനമായി ഉയര്‍ന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. ഗള്‍ഫില്‍ ശരാശരി രോഗമുക്തി നിരക്ക് 95.9 ശതമാനമാണ്. രോഗമുക്തി നിരക്ക് ഏറ്റവും കൂടുതല്‍ ഖത്തറിലും കുറവ് ബഹ്‌റൈനിലുമാണ്. ഖത്തറില്‍ 98.4 ശതമാനവും ബഹ്‌റൈനില്‍ 94 ശതമാനവും കുവൈത്തില്‍ 97.4 ശതമാനവും യു.എ.ഇയില്‍ 94.3 ശതമാനവും ഒമാനില്‍ 95.6 ശതമാനവുമാണ് രോഗമുക്തി നിരക്ക്.
വ്യാഴാഴ്ച ഗള്‍ഫില്‍ 6,096 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചു. യു.എ.ഇയില്‍ 782 ഉം ബഹ്‌റൈനില്‍ 2,732 ഉം സൗദിയില്‍ 677 ഉം ഒമാനില്‍ 696 ഉം ഖത്തറില്‍ 343 ഉം കുവൈത്തില്‍ 866 ഉം കൊറോണ കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ഗള്‍ഫില്‍ ആറു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. ബഹ്‌റൈനില്‍ മൂന്നു പേരും യു.എ.ഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളില്‍ ഓരോ കൊറോണ രോഗികളുമാണ് മരണപ്പെട്ടത്. ഒമാനിലും ഖത്തറിലും വ്യാഴാഴ്ച കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വാക്‌സിന്‍ വിതരണം 10.8 കോടി ഡോസ് പിന്നിട്ടിട്ടുണ്ട്. വ്യാഴാഴ്ച അര്‍ധ രാത്രി വരെ ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 10,87,72,985 ഡോസ് വാക്‌സിന്‍ ആണ് വിതരണം ചെയ്തത്. വ്യാഴാഴ്ച വരെ ഗള്‍ഫില്‍ 34,76,955 പേര്‍ക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ഇക്കൂട്ടത്തില്‍ 33,34,499 പേര്‍ രോഗമുക്തി നേടുകയും 20,173 പേര്‍ മരണപ്പെടുകയും ചെയ്തതായും ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു.  

 

 

Latest News