തൃശൂര്‍ - 200 കിലോക്കടുത്ത് കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളി. ചാലക്കുടി ദേശീയപാതയില്‍ കാറില്‍ കടത്തികൊണ്ടു വന്ന 178.650 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് ഒന്നാം പ്രതി എറണാകുളം ചൂര്‍ണ്ണിക്കര ചെരുപറമ്പില്‍ സാദിഖ് (26), രണ്ടാം പ്രതി കുമ്പളം മാടവന കൊല്ലംപറമ്പില്‍
ഷനൂപ് (23) എന്നിവരുടെ ജാമ്യാപേക്ഷകള്‍ തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. ഭാരതി തള്ളിയത്.
2021 ഒക്ടോബറില്‍ ഏഴിനാണ് ചാലക്കുടി പോലീസ് സബ്ബ്. ഇന്‍സ്പക്ടര്‍ എം. എസ്എം. ഷാജന്‍ വാഹനപരിശോധനക്കിടെ കഞ്ചാവ് പിടികൂടിയത്. ഡ്രൈവറടക്കം മൂന്നു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ദേഹപരിശോധന നടത്താന്‍ ഗസറ്റഡ് ഓഫീസറുടെ സാന്നിദ്ധ്യം വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചാലക്കുടി തഹസീല്‍ദാരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടന്നത്. കാറിന്റെ പിന്‍സീറ്റില്‍ വലതുഭാഗത്ത് നാലു ബാഗുകളിലും കാറിന്റെ ഡിക്കിയില്‍ നിറച്ച പ്ലാസ്റ്റിക് പാക്കറ്റുകളിലുമാണ് കഞ്ചാവ് നിറച്ചിരുന്നത്. കഞ്ചാവു കൂടാതെ നാല് മൊബൈല്‍ ഫോണുകളും പണവും കഞ്ചാവു കയറ്റി കൊണ്ടുവന്ന സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.. സാദിഖ്, ഷനൂപ് എന്നിവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കുമ്പളം മാടവന പട്ടത്താനം വീട്ടില്‍ വിഷ്ണുവിനെയും അന്നേ ദിവസം അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ മൂന്നു പേരെയും കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് മൂന്നു പ്രതികളും ജയിലില്‍ കഴിയുകയാണ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുനില്‍, അഡ്വക്കറ്റ് ജോമോന്‍ കണ്ടംകുളത്തി എന്നിവര്‍ ഹാജരായി.






