Sorry, you need to enable JavaScript to visit this website.

ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിച്ചാൽ കോടതിയുടെ വിശ്വാസ്യത നഷ്ടമാകുമെന്ന് മഹാരാഷ്ട്ര 

മുംബൈ- ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിചേർക്കപ്പെട്ട സുഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ വാദം കേട്ടു വരുന്നതിനിടെ ദുരൂഹമായി മരിച്ച സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയയുടെ മരണം അന്വേഷിച്ചാൽ കോടതിയുടെ വിശ്വാസ്യത എന്നെന്നേക്കുമായി തകർപ്പെടുമെന്ന വാദവുമായി മഹാരാഷ്ട്ര സർക്കാർ. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച സുപ്രീം കോടതിയിലാണ് മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഈ വാദമുന്നയിച്ചത്. 'എല്ലാ സംവിധാനങ്ങളും ഒരാൾക്കു വേണ്ടി മാത്രം പ്രവർത്തിച്ചു എന്നാണ് ആരോപിക്കപ്പെടുന്നത്. ഇതു ശരിയാണെങ്കിൽ ജൂഡീഷ്യറിയെ തന്നെ പിരിച്ചു വിടേണ്ടി വരും. നാലു ജില്ലാ ജഡ്ജിമാരും രണ്ടു ഹൈക്കോടതി ജഡ്ജിമാരും തങ്ങൾ ലോയയുടെ മരണ സമയത്ത് അടുത്തുണ്ടായിരുന്നെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം,' സാൽവെ പറഞ്ഞു. 

ഈ കേസിൽ കീഴ്‌കോടതികളെ സംരക്ഷിക്കാൻ പരമോന്നത കോടതി തയാറാകണമെന്നും അന്വേഷണം പ്രഖ്യാപിക്കാൻ പാരിസ്ഥിതിക പ്രശ്‌നം സംബന്ധിച്ച കേസല്ല ഇതെന്നും സാൽവെ സുപ്രീം കോടതിയിൽ പറഞ്ഞു. 

ലോയയുടെ മരണത്തിൽ ദൂരുഹതകളുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ സമർപ്പിച്ച ഹർജിയിലാണ് സാൽവെയുടെ വാദം. ഹിസ്‌റ്റോപാതോളജി റിപ്പോർട്ടിൽ ലോയയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിന് തെളിവുകളില്ലെന്നും  ലോയയെ വിഷം നൽകി കൊലപ്പെടുത്തിയതാകാമെന്നുമുള്ള ഫോറൻസിക് വിദഗ്ധൻ ഡോ. ആർ കെ ശർമയുടെ നിരീക്ഷണങ്ങൾ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇ.സി.ജി റിപ്പോർട്ടിലും ഹൃദയാഘാത സാധ്യത വളരെ കുറവായാണ് കാണുന്നതെന്ന കാർഡിയോളജിസ്റ്റ് ഡോ. ഉപേന്ദ്ര കൗളിന്റെ നിരീക്ഷണവും അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.  ലോയയുടെ മരണം സംബന്ധിച്ച് ദൂരൂഹതകൾ പുറത്തു കൊണ്ടു വന്ന കാരവൻ മാസികയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.
 

Latest News