കോട്ടയം - തന്റെ മക്കള്‍ക്ക് ഉന്നത നീതിപീഠത്തില്‍ നിന്നു നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷയ്ക്കു വിധിച്ച ഈരാറ്റുപേട്ട സ്വദേശികളായ ശിബിലി- ശാദുലി എന്നിവരുടെ പിതാവ് പി എസ് അബ്ദുല്‍ കരീം. മക്കള്‍ക്കായി നിയമപോരാട്ടം നടത്തുന്ന സംഘടന ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തയാറെടുക്കുകയാണ്.കോടതി വിധി ദൗര്‍ഭാഗ്യകരമാണ്.കേസില്‍ നിയമപോരാട്ടം തുടരുമെന്നും കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേസില്‍ ഇരുവരെയും ശിക്ഷിക്കുമെന്ന് കരുതിയില്ല. ശിബിലിക്ക് ചിലപ്പോള്‍ ഒരു ചെറിയ ശിക്ഷ കിട്ടിയേക്കുമെന്നും ശാദുലിയെ വെറുതെ വിടുമെന്നുമാണ് കരുതിയിരുന്നത്. അതുവരെ ലഭിച്ച വിവരങ്ങളിലൂടെയാണ് ഇത്തരത്തിലുളള നിഗമനത്തിലെത്തിയത്.
കേസില്‍ 38 പേര്‍ക്ക് വധശിക്ഷയും,11 പേര്‍ക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചിരിക്കുന്നത്. അഹമ്മദാബാദില്‍ സ്‌ഫോടനം നടക്കുബോള്‍ ശിബിലിയും, ശാദുലിയും ഇന്‍ഡോര്‍ ജയിലില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരായിരുന്നു.ഈ സമയത്ത് മക്കളുടെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന ഗൂഢാലോചന കുറ്റം നിലനില്‍ക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സിടിഎസ് സംഘത്തലവന്‍ ഹേമന്ത് കര്‍കരെയുടെ നേതൃത്വത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തിയിരുന്നു. അതിലൊന്നും പ്രത്യേകിച്ചു കണ്ടെത്തിയില്ല. അഹമ്മദാബാദ് സ്‌ഫോടന ഗൂഢാലോചനയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും അന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. അഹമ്മദാബാദ് സ്‌ഫോടനത്തില്‍ പങ്കുളളതായി കരുതുന്നില്ലെന്ന് പ്രസ്താവനയും വന്നിരുന്നു.
ശിബിലി അറസ്റ്റു ചെയ്യപ്പെടുന്നതിന് മുമ്പ് ഉണ്ടായിരുന്ന ഹൂബ്ലി ഉള്‍പ്പടെ മൂന്നു കേസുകളിലും പ്രതികളെ വെറുതെ വി
ടുകയായിരുന്നു.സിമിയുമായി ബന്ധപ്പെട്ടു നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. സിമിയുമായി ബന്ധപ്പെട്ടവരെ സംശയിച്ചാല്‍ എല്‍ഡിഎഫിലെ മുന്‍ മന്ത്രിയും അതിന്റെ ഭാഗമായിരുന്നില്ലേ. വാഗമണ്‍ ക്യാമ്പ് നടക്കുന്ന സമയത്ത് താന്‍ ഹജ് നിര്‍വഹിക്കുകയായിരുന്നു. അതിനുശേഷം മടങ്ങിയെത്തിയപ്പോള്‍ ഇക്കാര്യം സംസാരിച്ചിരുന്നു. ഇസ് ലാമിന് ചേരാത്ത ഒന്നും ചെയ്യില്ലെന്ന് അന്ന് മക്കള്‍ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ശിബിലി ടാറ്റാ കമ്പനിയില്‍ കേരളത്തിനു പുറത്തു ജോലി ചെയ്യുകയായിരുന്നു. ശാദുലി അടൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയും.
വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്നവര്‍ ഒരുമിച്ച് ഗൂഢാലോചനയില്‍ പങ്കാളികളായി എന്നത് തന്നെ അവിശ്വസനീമാണ്. ഗൂഢാലോചന കുറ്റം ചുമത്തിയവരെയാണ് വധശിക്ഷയ്ക്കു വിധിച്ചത്. ഇതും വിശ്വസിക്കാനാവുന്നില്ല. പ്രതിചേര്‍ക്കപ്പെട്ടവരില്‍ പലര്‍ക്കും പരസ്പരം പരിചയം പോലും ഇല്ലാത്തവരാണ്. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് ഇവര്‍. എവിടെ വച്ച് ഗൂഢാലോചന നടത്തിയെന്നതും വ്യക്തമല്ല. മക്കള്‍ക്ക് ഈ സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഉന്നത നീതിപീഠങ്ങളില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയാണുളളത്






