ന്യൂദല്‍ഹി- കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമീപനങ്ങള്‍ ഭരണഘടനയ്ക്ക് യോജിക്കാത്ത വിധം മോശമാണെന്ന് സിപിഎം. ഗവര്‍ണര്‍മാര്‍ പരിധി വിടാതിരിക്കാന്‍ നിയമ നിര്‍മാണം അനിവാര്യമാണെന്നും സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.
സവര്‍കലാശാല നിയമത്തില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ വേണം. ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈ കടുത്തുന്നുണ്ടോ എന്ന കാര്യത്തില്‍ കര്‍ശന ജാഗ്രത വേണം. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമഭേദഗതി കൊണ്ടു വരുമെന്ന കാര്യത്തില്‍ തീരെ പ്രതീക്ഷയില്ലെന്നും സിപിഎം കുറ്റപ്പെടുത്തി.
കേരള നിയമസഭ സമ്മേളനത്തിന്റെ തുടക്കത്തില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പു വെക്കാന്‍ വിസമ്മതിച്ചത് അങ്ങേയറ്റം അപലപനീയമാണ്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഒപ്പു വെക്കുകയും പിന്നീട് തെറ്റിദ്ധാരണജനകമായി പ്രതികരിക്കുകയും ചെയ്തു.
ബിജെപിക്കു ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ എല്ലാം തന്നെ ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ പക്ഷപാതരമായാണ് പെരുമാറുന്നത്. പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കാര്‍ എന്നും മുഖ്യമന്ത്രിക്കെതിരേ ട്വീറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. മഹരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സംസ്ഥാന ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്കുള്ള പന്ത്രണ്ട് പേരുടെ നാമനിര്‍ദേശത്തിന് അംഗീകാരം നല്‍കാതെ പിടിച്ചു വെച്ചിരിക്കുന്നു. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവി സര്‍വകലാശാല വൈസ് ചാന്‍സലറുമായി നേരിട്ട് ഇടപെടുകയും നിയമസഭയില്‍ പാസാക്കിയ നീറ്റ് ബില്ല് പാസാക്കാതെ മടക്കി അയക്കുകയും ചെയ്തു.
നിലവില്‍ ഗവര്‍ണര്‍മാരെല്ലാം തന്നെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളും ആജ്ഞാനുവര്‍ത്തികളുമായി പ്രവര്‍ത്തിക്കുന്നതാണ് കാണുന്നത്. ഓദ്യോഗിക പദവികളില്‍ നിന്ന് വിരമിച്ച് ഗവര്‍ണര്‍ പദവി കരസ്ഥമാക്കിയവരില്‍ ഭൂരിപക്ഷവും കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കു വേണ്ടി അങ്ങേയറ്റം മോശമായാണ് സംസ്ഥാനങ്ങളില്‍ പെരുമാറുന്നത്. ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ ഗവര്‍ണര്‍മാരുടെ നിയമനത്തിലും തിരിച്ചു വിളിക്കുന്നതിലും സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്ന വിധം നിയമ ഭേദഗതികള്‍ അനിവാര്യമാണെന്നും സിപിഎം വാദിക്കുന്നു.






