സാങ്കേതിക ലോകത്തും പുടിനെ ശിക്ഷിക്കുമെന്ന് ബൈഡൻ

റഷ്യ ഉക്രൈനിൽ അധിനിവേശം തുടർന്നാൽ സാങ്കേതിക ലോകത്തും ശിക്ഷാ നടപടികൾ ഏറ്റുവാങ്ങേണ്ടി വരുമന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ബാങ്കിംഗ് മേഖലയിലും കയറ്റുമതി രംഗത്തും ഏർപ്പെടുത്തുന്ന ഉപരോധത്തോടൊപ്പമാണ് സാങ്കേതിക മേഖലയിലും ശിക്ഷാ ഭീഷണി.
കംപ്യൂട്ടറുകളും ഇലക്ട്രോണിക് സാധനങ്ങളും മുതൽ  വിമാന ഭാഗങ്ങളും സെമികണ്ടക്ടേഴ്‌സും വരെയുള്ള സാങ്കേതിക മേഖലയിൽ റഷ്യയെ ഒറ്റപ്പെടുത്താൻ അമേരിക്ക വിചാരിച്ചാൽ കഴിയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.  അമേരിക്കയിലേതു മാത്രമല്ല, മറ്റു രാജ്യങ്ങളിൽനിന്നും വിദേശ നിർമിത വസ്തുക്കളുടെ വലിയൊരു ഭാഗം റഷ്യക്ക് ലഭ്യമല്ലാതാക്കാൻ  ബൈഡനു കഴിയും. 
വിതരണക്കാർ റഷ്യയിലേക്ക് അയക്കുന്നതിന് മുമ്പ് യു.എസ് ലൈസൻസുകൾ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക വിപുലീകരിക്കുന്നതിലൂടെ പ്രസിഡന്റ് ജോ ബൈഡൻ അത് നേടുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. റഷ്യയിലേക്കുള്ള ഉൽപന്നങ്ങളുടെ ലൈസൻസ് ബൈഡൻ ഭരണകൂടം നിരസിക്കും.  
ലേസർ മുതൽ ടെലികോം ഉപകരണങ്ങളും സമുദ്ര വസ്തുക്കളും വരെ തടഞ്ഞ് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയാണ് അമേരിക്ക തയാറാക്കിയ ശിക്ഷാ പട്ടികയുടെ ലക്ഷ്യം. 
ഉക്രൈനിൽനിന്ന് വേർപിരിഞ്ഞ രണ്ട് പ്രദേശങ്ങളെ സ്വതന്ത്രമായി അംഗീകരിച്ചതിനും സമാധാനം നിലനിർത്താനെന്ന പേരിൽ ഈ പ്രദേശങ്ങളിലേക്ക് സൈന്യത്തെ വിന്യസിച്ചതിനും റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനെ ശിക്ഷിക്കുന്നതിനാണ് ബൈഡൻ പ്രഖ്യാപിച്ച ഉപരോധം.  
യു.എസ് കയറ്റുമതി നിയന്ത്രണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വാണിജ്യ വകുപ്പും വൈറ്റ് ഹൗസും സാങ്കേതിക മേഖലയിലെ നടപടികളെ കുറിച്ചുള്ള വാർത്താ ഏജൻസികളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. 
റഷ്യൻ ഉപഭോക്താക്കളെ  ശിക്ഷയുടെ ആഘാതത്തിൽ നിന്ന് രക്ഷിക്കുമെന്ന് ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും യു.എസ് നടപടി റഷ്യക്ക് വലിയ ആഘാതമേൽപിക്കുമെന്ന് തന്നെയാണ് നിരീക്ഷകർ കരുതുന്നത്. 
രണ്ടു പ്രധാന മേഖലകളിൽ വ്യാവസായിക ഉൽപാദനം നടത്താനുള്ള റഷ്യയുടെ ശേഷിയെ തകർക്കുകയാണ് കയറ്റുമതി നിയന്ത്രണ നടപടികളുടെ ലക്ഷ്യം. റഷ്യൻ ജനതയെ ഉപദ്രവിക്കാതെ,  ആ രാജ്യത്തെ വ്യാവസായിക ഉൽപാദനത്തിനും ഹൈടെക് മേഖലക്കും എങ്ങനെ ആഘാതമേൽപിക്കാമെന്നതിനെ കുറിച്ചാണ് ഞങ്ങൾ ചിന്തിക്കുന്നതെന്ന്  വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പീറ്റർ ഹാരെൽ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 
പ്രധാന റഷ്യൻ ബാങ്കുകളുമായുള്ള ഇടപാടുകളിൽനിന്ന് യു.എസ് ധനകാര്യ സ്ഥാപനങ്ങളെ തടയുന്നത് ഉൾപ്പെടെയുള്ള പാക്കേജാണ് റഷ്യക്കെതിരെ അമേരിക്ക തയാറാക്കിയിരിക്കുന്നത്. 
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ടെലികോം ഭീമനായ ഹ്വാവെ ടെക്‌നോളജീസിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സമാനമാണ് കയറ്റുമതി നിയന്ത്രണ പാക്കേജ്. റഷ്യയിലേക്ക് കയറ്റി അയക്കുന്നതിനു മുമ്പ്  വിദേശത്ത് നിർമിക്കുന്നതിന് യു.എസ് ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ യു.എസ് ലൈസൻസ് നേടണം. ഇതാണ് തടയപ്പെടുക.

Latest News