രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞു, ഒറ്റ ദിവസം 68 പൈസയുടെ ഇടിവ്

ന്യൂദല്‍ഹി- ഉക്രൈനില്‍ റഷ്യ സൈനിക നീക്കം നടത്തിയതോടെ രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവുണ്ടായി. ഡോളറിനെതിരെ 75.27 നിലവാരത്തിലേക്കാണ് രൂപ താഴ്ന്നത്. 74.59 നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ്. ഒറ്റ ദിവസംകൊണ്ട് 68 പൈസയിലേറെയാണ് നഷ്ടം.

വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഓഹരി വിപണിയിലെ തകര്‍ച്ച, അസംസ്‌കൃത എണ്ണവിലയിലെ വര്‍ധന തുടങ്ങിയവയാണ് കറന്‍സിയെ ബാധിച്ചത്. രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് ബുധനാഴ്ച 3,417.16 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. വ്യാഴാഴ്ച സെന്‍സെക്സും നിഫ്റ്റിയും മൂന്നുശതമാനത്തിലേറെയാണ് തകര്‍ച്ചനേരിട്ടത്. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളര്‍ പിന്നിടുകയും ചെയ്തു.

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ റിസ്‌കുള്ള ആസ്തികളില്‍നിന്ന് വിദേശ സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണംപോലുള്ള സുരക്ഷിത ആസ്തികളിലേക്ക് കൂടുമാറുകയാണ്. ഡിമാന്‍ഡ് കൂടുന്നതോടെ  സ്വര്‍ണവിലയിലെ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

75.75-76 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞേക്കാം. ഇടിവ് അതിനുമുകളിലേക്കു തുടര്‍ന്നാല്‍മാത്രമെ ആര്‍.ബി.ഐ ഇടപെടൂ.

 

 

Latest News