ബ്ലാസ്റ്റേഴ്‌സിന് തോൽവി, പ്ലേ ഓഫ് സാധ്യത തുലാസിൽ

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോൾ നേടിയ താരങ്ങൾ ആഹ്ലാദം പങ്കിടുന്നു.

ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത്

ഗോവ- ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ പ്ലേ ഓഫ് സാധ്യത തുലാസിലാക്കി കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹൈദരാബാദ് എഫ്.സിയോടാണ് കേരളം തോറ്റത്. ആദ്യ പകുതിയിൽ ഒരുഗോളും രണ്ടാം പകുതിയിൽ രണ്ടാം ഗോളും വഴങ്ങിയ കേരളത്തിന് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ആശ്വാസ ഗോൾ നേടാനായത്. സൂപ്പർ താരം ഒഗ്ബചെയും ഹാവിയർ സിവെരിയോയുമാണ് ഹൈദരാബാദിന് വേണ്ടി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി ഇരുപത്തിയെട്ടാമത്തെ മിനിറ്റിലായിരുന്നു ഒഗ്ബചെയുടെ ഗോൾ. 87-ാം മിനിറ്റിൽ ഹാവിയർ സിവെരിയോ ഹൈദരാബാദിന്റെ രണ്ടാമത്തെ ഗോളും നേടി. പകരക്കാനായി ഇറങ്ങിയ വിൻസി ബരേറ്റോയാണ് കളി തീരാൻ നിമിഷങ്ങൾ ശേഷിക്കേ കേരള ബ്ലാസ്റ്റേഴ്‌സിനായി ഗോളടിച്ചത്. ആദ്യപകുതിയിൽ പിന്നിലേക്ക് പോയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിൽ തിരിച്ചുവരാനാകും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ അത് വിഫലമാകുന്ന കാഴ്ച്ചക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. വിജയത്തോടെ ഹൈദരാബാദ് 35 പോയിന്റമായി ഒന്നാം സ്ഥാനത്താണ്. 31 പോയിന്റുമായി ജംഷഡ്പുർ രണ്ടും മോഹൻബഗാൻ മൂന്നും(30) മുംബൈ സിറ്റി നാലും(28) സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് 27 പോയിന്റാണുള്ളത്. 


 

Latest News