Sorry, you need to enable JavaScript to visit this website.

ബിഹാറില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം കൊന്ന് കുഴിച്ചുമൂടി

പട്‌ന- മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു പ്രവര്‍ത്തകനായ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം പശുവിന്റെ പേരില്‍ മര്‍ദിച്ചു കൊന്ന് ഉപ്പു പുരട്ടി കുഴിച്ചുമൂടി. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. യുവാവിനെ സ്വയം പ്രഖ്യാപിക ഗോരക്ഷാ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. മുഹമ്മദ് ഖലീല്‍ ആലം എന്ന യുവാവാണ് മരിച്ചത്. കൊന്ന ശേഷം മൃതദേഹം എണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മൃതദേഹം വേഗത്തില്‍ മണ്ണോടു ചേരാന്‍ ഉപ്പുപുരട്ടി കുഴിച്ചുമൂടിയെന്നും റിപോര്‍ട്ടുണ്ട്.

തന്നെ വെറുതെ വിടണമെന്ന് കൈകൂപ്പി ഖലീല്‍ കേണപേക്ഷിക്കുന്നതും വിഡിയോയിലുണ്ട്. എന്നാല്‍ അക്രമികള്‍ വെറുതെ വിട്ടില്ല. പശുവിനെ അറുത്തത് എവിടെയാണെന്നും ബിഫ് വില്‍ക്കുന്നത് ആരെല്ലാമാണെന്നും വെളിപ്പെടുത്തൂ എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. അക്രമികള്‍ വിഡിയോയില്‍ ദൃശ്യമല്ല. എത്ര ബീഫ് കഴിച്ചിട്ടുണ്ടെന്നും എത്രത്തോളം മക്കളെ തീറ്റിച്ചിട്ടുണ്ടെന്നും ഖുര്‍ആനില്‍ ബിഫ് കഴിക്കാന്‍ പറഞ്ഞിട്ടുണ്ടോ എന്നും അക്രമികള്‍ ചോദിക്കുന്നുണ്ട്. അതേസമയം പോലീസ് ഇതു തള്ളിക്കളയുന്നുണ്ട്. കൊലപാതകം മറച്ചുവെക്കാന്‍ തന്ത്രപൂര്‍വം പ്രചരിപ്പിക്കുന്ന വിഡിയോ ആണിതെന്ന് പോലീസ് പറയുന്നു. വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. 

അതിനിടെ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം കൊന്ന സംഭവത്തിന്റെ പത്രവാര്‍ത്ത ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി നിതീഷിനെതിരെ രംഗത്തെത്തി. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരിനു കീഴില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് തേജസ്വി ആരോപിച്ചു. യുവാവിനെ മര്‍ദിച്ച് ജീവനോടെ കത്തിച്ചു കൊന്ന് കുഴിച്ചുമൂടിയിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഖലീലിനെ കാണാനില്ലെന്ന് കുടുംബ പരാതി നല്‍കി നാലു ദിവസങ്ങള്‍ക്കും ശേഷം വെള്ളിയാഴ്ച വൈകീട്ടാണ് മൃതദേഹം ഗന്‍ദക് നദീ തീരത്തു നിന്ന് മൃതദേഹം കണ്ടെടുത്തത്. യുവാവിനെ കാണാതായ ശേഷം അദ്ദേഹത്തിന്റെ മൊബൈലില്‍ നിന്ന് കുടുംബത്തിന് കോളുകള്‍ വന്നിരുന്നെന്നും കടം നല്‍കിയ അഞ്ചു ലക്ഷം തിരിച്ചു തന്നില്ലെങ്കില്‍ കിഡ്‌നി വില്‍ക്കുമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. 

മൃതദേഹം കണ്ടെടുത്തതിനു പിന്നാലെയാണ് യുവാവിനെ മര്‍ദിക്കുന്ന വിഡിയോ പോലീസിനു ലഭിച്ചത്. സംഭവത്തിന് വര്‍ഗീയ നിറം നല്‍കി ശ്രദ്ധ തിരിച്ചുവിടാന്‍ പ്രതികള്‍ റെക്കോര്‍ഡ് ചെയ്തതാണ് ഈ വിഡിയോ എന്നാണ് പോലീസ് വാദം.

Latest News