Sorry, you need to enable JavaScript to visit this website.

പോരിനേക്കാള്‍ ഭേദം സംവാദം, പക്ഷെ ഇന്ത്യയിലെ ടിവി ചര്‍ച്ചകള്‍ ഒരു പ്രശ്‌നവും തീര്‍ത്തിട്ടില്ലെന്ന് ഇംറാനോട് ശശി തരൂര്‍ 

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ടിവി സംവാദത്തിന് താല്‍പര്യമുണ്ടെന്ന പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പ്രസ്താവനക്ക് രസികന്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. പോരിനേക്കാള്‍ നല്ലത് ഈ സംസാരമാണെന്നും എന്നാല്‍ ഇന്ത്യന്‍ ടിവി ചാനലുകളില്‍ നടന്ന ചര്‍ച്ചകള്‍ ഒരു പ്രശ്‌നവും ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും വഷളാക്കുക മാത്രമെ ചെയ്തിട്ടുള്ളൂ എന്നും തരൂര്‍ ഇംറാന്‍ ഖാനോടായി പറഞ്ഞു. ഇന്ത്യയിലെ ടിവി അവതാരകര്‍ ഒരു പ്രശ്‌നവും പരിഹരിച്ചിട്ടില്ല എന്നു മാത്രമല്ല, ടിആര്‍പി റേറ്റ് കൂട്ടാന്‍ വേണ്ടിവന്നാല്‍ മൂന്നാം ലോക യുദ്ധം ഇളക്കിവിടാന്‍ വരെ അവര്‍ ഒരുക്കമാണ് എന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

ഇംറാന്റെ ആഗ്രഹത്തോട് പ്രതികരിച്ചതാണെങ്കിലും ചാനലുകള്‍ക്കായിരുന്നു തരൂരിന്റെ കൊട്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിന് പ്രധാനമന്ത്രി മോഡിയുമായി ഒരു ടിവി സംവാദം നടത്താന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ഇംറാന്‍ റഷ്യ ടുഡേ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇംറാന്‍ ഖാന്റെ റഷ്യന്‍ സന്ദര്‍ശനത്തിനു മുന്നോടി ആയാണ് റഷ്യയുടെ ഔദ്യോഗിക ചാനല്‍ അഭിമുഖം പുറത്തു വിട്ടത്.

Latest News