Sorry, you need to enable JavaScript to visit this website.

അപേക്ഷ എളുപ്പമാക്കി; ദുരിതബാധിതര്‍ക്ക് ഇതുവരെ അനുവദിച്ചത് 335 കോടിരൂപ 

തിരുവനന്തപുരം- ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 335 കോടി രൂപ സഹായധനമായി വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവിധ മേഖലകളില്‍ ദുരിതം അനുഭവിക്കുന്ന 2.3 ലക്ഷം പേര്‍ക്ക് ആശ്വാസമേകാനാണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇതേ കാലയളവില്‍ 2011 ജൂണ്‍ മുതല്‍ 2013 ജനുവരി വരെ 169 കോടി രൂപയായിരുന്നു ദുരിതാശ്വാസനിധിയില്‍നിന്ന് വിതരണം ചെയ്തത്. കൂടുതല്‍ ആളുകളിലേക്ക് ധനസഹായം എത്തിക്കാന്‍ ഇത്തവണ കഴിഞ്ഞതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. 

ദുരിതാശ്വാസനിധിയില്‍നിന്ന് വേഗത്തില്‍ സഹായധനം ലഭിക്കാന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷയുമായി ആരും സെക്രട്ടേറിയറ്റില്‍ നേരിട്ട് എത്തണമെന്നില്ലെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍കുറിച്ചു. ചികിത്സാ രേഖകളും ചികിത്സക്ക് ചെലവിടുന്ന തുക സംബന്ധിച്ചും കൃത്യമായ വിവരങ്ങളും അപേക്ഷക്കൊപ്പം ഉണ്ടെങ്കില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അപേക്ഷയിന്മേല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനം കൂടി നിലവില്‍ വന്നതോടെ കാലതാമസമില്ലാതെ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുക അനുവദിച്ച് ഉത്തരവിറങ്ങിയാലും പണം ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സഹായധനം നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടില്‍ എത്തിക്കുന്ന പദ്ധതി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തോടെ അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കുന്ന പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
 

Latest News