ബംഗളൂരു- കര്‍ണാടക ശിവമൊഗ്ഗയില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായവരെ നേരത്തെ നിരീക്ഷിക്കാത്തതിന് പോലീസിനോട് വിശദീകരണം ചോദിക്കുമെന്ന് ആഭ്യന്തര മന്തി അരഗ ജ്ഞാന്ദ്രേ. കേസില്‍ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
അറസ്റ്റിലായ പ്രതികളോട് പോലീസ് നേരത്തെ സ്വീകരിച്ച സമീപനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവി പ്രവീണ്‍ സൂദിന് മന്ത്രി എഴുതുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി ക്രമിനല്‍ കേസുകളുണ്ടായിട്ടും പ്രതികളെ എന്തുകൊണ്ട് സൂക്ഷ്മമായി നിരീക്ഷിച്ചില്ല എന്നാണ് അന്വേഷിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷമായി പോലീസ് അലംഭവം കാണിച്ചുവെന്നാണ് മന്ത്രി കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടില്‍ പറയുന്നു.
ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ആസിഫ്, സയ്യിദ് നദീം, റിഹാന്‍ ശരീഫ്, നിഹാന്‍, അബ്ദുല്‍ അഫ്‌നാന്‍, കാശിഫ് എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. 12 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പുതുതായി അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ ആഭ്യന്തര മന്ത്രി വെളിപ്പെടുത്തിയില്ല. കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. വീടുകള്‍ക്കും കടകള്‍ക്കും നേരെ കല്ലെറിഞ്ഞവര്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.






